തിരുവനന്തപുരം: കനത്ത ചൂടിലും ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി നാടും നഗരവും. വന്‍ജനപ്രവാഹമാണ് പൊങ്കാലയിടാന്‍ തലസ്ഥാന നഗരിയിലെത്തിയിരിക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നഗരത്തിലെ ഹോട്ടലുകള്‍ തിരക്കാണ്. നാനാദിക്കില്‍ നിന്ന് പൊങ്കാല ഇടാന്‍ എത്തിയ ഭക്തരുടെ തിരക്കാണ് നഗരത്തില്‍. ഇന്നലെ മുതല്‍ നഗരത്തിന്റെ പല സ്ഥലങ്ങളിലായി പൊങ്കാല അര്‍പ്പിക്കാനായി ആളുകള്‍ സ്ഥലങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു.
പൊങ്കലക്ക് എത്തുന്നവര്‍ക്ക് എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയെന്ന് നഗരസഭയും പോലിസും അറിയിച്ചു. അതേ സമയം, പൊള്ളുന്ന ചൂടായതിനാല്‍ കുടിവെള്ള വിതരണത്തിനായി നഗരസഭയും വിവിധ സംഘടനകളും കൂടുതല്‍ സജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ആരോഗ്യവകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്. വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിനാളുകള്‍ പൊങ്കാലയ്ക്കെത്തുന്നതിനാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു പ്രവര്‍ത്തിക്കും.
തലസ്ഥാനത്ത് ഇന്നലെ മുതല്‍ ഗതാഗത നിയന്ത്രണമുണ്ട്. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാര്‍ക്കിംഗും നിരോധിച്ചിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്കിങ് അനുവദിച്ച സ്ഥലങ്ങളില്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാര്‍ക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയും റെയില്‍വേ പ്രത്യേക സര്‍വീസും നടത്തും. ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായാല്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടാം. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കും. പൊങ്കാലയുടെ തലേദിവസം മുതല്‍ പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങള്‍ മടങ്ങിപ്പോകുന്നതുവരെ ഈ സേവനങ്ങള്‍ ലഭ്യമാകും. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിനാണ് ഏകോപന ചുമതല.