തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വാര്‍ത്താ സമ്മേളനത്തിന് എത്താന്‍ വൈകിയതിന്റെ പേരില്‍ രോഷാകുലനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെപിസിസിയുടെ സമരാഗ്‌നി യാത്രയുടെ ഭാഗമായ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ നടത്തിയ അസഭ്യ പദപ്രയോഗത്തില്‍ എഐസിസി നേതൃത്വത്തെ
പ്രതിഷേധം അറിയിച്ചിരിക്കുകയാണ് വിഡി സതീശന്‍.
സംഭവത്തില്‍ പ്രശ്‌ന പരിഹാരത്തിനായി കെസി വേണുഗോപാല്‍ ഇടപെട്ടു. ഇരു നേതാക്കളോടും സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കാന്‍ എഐസിസി നേതൃത്വം നിര്‍ദ്ദേശിച്ചു. എന്നാല്‍ വിഡി സതീശന്‍ മാധ്യമങ്ങളെ കാണാന്‍ തയ്യാറായില്ല. ഇതോടെ കെ സുധാകരന്‍ ഒറ്റയ്ക്ക് മാധ്യമപ്രവര്‍ത്തകരെ കണ്ട് വിശദീകരണം നല്‍കുകയായിരുന്നു.
പ്രതിപക്ഷ നേതാവിനെ കാത്ത് കെപിസിസി പ്രസിഡന്റ് ഇരുന്നത് 20 മിനിറ്റായിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് എത്തിയില്ല. ഡിസിസി അധ്യക്ഷന്‍ ബാബു പ്രസാദിനോട് വിളിച്ചു നോക്കാന്‍ സുധാകരന്‍ ആവശ്യപ്പെട്ടു. പിന്നെയും 20 മിനിറ്റ് കാത്തിരുന്നിട്ടും പ്രതിപക്ഷ നേതാവിനെ കാണാത്തതിനെ തുടര്‍ന്ന് കുപിതനായ സുധാകരന്‍ ഇയാളിതെവിടെ പോയി കിടക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറഞ്ഞു. കൂടുതല്‍ പ്രതികരണം തടഞ്ഞത് ഒപ്പമുണ്ടായിരുന്ന നേതാക്കളാണ്.മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.