വയനാട് മണ്ഡലത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ലക്ഷ്യം വെക്കുന്നത് മണ്ഡലത്തിന്റെ സമഗ്രവികസനമെന്ന് പാര്‍ട്ടി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആര്‍പിഐ വയനാട് സ്ഥാനാര്‍ത്ഥി നുസ്റത്ത് ജഹാന് ഡോ രാജീവ് മേനോനൊപ്പം റിലയന്‍സ് ഗ്രൂപ്പ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. വയനാടിന്റെ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ എല്ലാ വിധ സഹായവാഗ്ദാനങ്ങളും റിലയന്‍സ് ഗ്രൂപ്പ് ഉറപ്പ് നല്‍കിയതായി ഡോ. രാജീവ്മേനോന്‍ ന്യൂസ്പെര്‍ സെക്കന്റ്സിനോട് പറഞ്ഞു.
വയനാട് ജില്ലക്ക് പലപ്പോഴും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയുണ്ട്. വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണനയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നല്‍കുന്നതെന്ന് രാജീവ്മേനോന്‍ വ്യക്തമാക്കി. വയനാട്ടിലെ കര്‍ഷക പ്രശ്നങ്ങള്‍, ആദിവാസി ഭൂമി വിഷയം,വിദ്യാഭ്യാസ മേഖലയിലെ വികസനം, ആരോഗ്യം, വന്യജീവി അക്രമണം തുടങ്ങിയ വിഷയങ്ങള്‍ക്ക് പരിഹാരം കണ്ട് സമഗ്രവികസനം കൊണ്ടുവരിക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് രാജീവ്മേനോന്‍ പറഞ്ഞു. വയനാടിനെ ടൂറിസം മേഖലയായി വികസിപ്പിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനോന്മുഖ വയനാടിനുവേണ്ടി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുക എന്ന ദൗത്യമാണ് നുസ്റത്ത് ജഹാനെ ഏല്‍പ്പിച്ചിരിക്കുന്നത്. നുസ്റത്ത് ജഹാനിലൂടെ പുതിയൊരു വയനാട് എന്ന ലക്ഷ്യം ഞങ്ങള്‍ സാക്ഷാത്കരിക്കുമെന്നും രാജീവ്മേനോന്‍ വ്യക്തമാക്കി.
വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ അത് തടയാനുള്ള നടപടികളായിരിക്കും ആദ്യത്തെ അജണ്ട. വയനാട്ടിലെ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, നിരീക്ഷണങ്ങള്‍ക്ക് ആവശ്യമായ കൂടുതല്‍ ഉപകരണങ്ങള്‍ സജ്ജമാക്കുക തുടങ്ങിയ എല്ലാ നടപടികളും പാര്‍ട്ടി സ്വീകരിക്കുമെന്ന് ഡോ. രാജീവ്മേനോന്‍ ഉറപ്പ് നല്കി. കൂടാതെ, ആരോഗ്യരംഗത്തും സമഗ്രവികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി കൊണ്ടുവരും. മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ലഭിക്കാത്തതിനാല്‍ എത്രയോ ജീവന് വയനാട്ടില്‍ പൊലിഞ്ഞു പോയിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് ജില്ലയിലെ ആരോഗ്യരംഗത്ത് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നും രാജീവ്മേനോന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ആര്‍പിഐ സ്ഥാനാര്‍ത്ഥി നുസ്റത്ത് ജഹാനും ആര്.പി.ഐ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് പി.ആര് സോംദേവും സംസ്ഥാന നേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരും വയനാട്ടിലെത്തുമെന്നും രാജീവ്മേനോന്‍ കൂട്ടിച്ചേര്‍ത്തു.