കൊച്ചി; കളമശ്ശേരി സ്ഫോടനക്കേസിലെ മുഖ്യ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയൽ പരേഡിന് പൊലീസ് ഇന്ന് അപേക്ഷ സമർപ്പിക്കുക. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക. മാർട്ടിൻ കുറ്റകൃത്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ ഇന്ന് ഫോറെൻസിക്ക് പരിശോധനയ്ക്കായും കൈമാറും. നവംബർ 29 വരെയാണ് മാർട്ടിനെ എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്.
സാക്ഷികളെ കാക്കനാട് ജയിലിൽ എത്തിച്ച് പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തുകയും മാർട്ടിൻ വിദേശത്ത് ജോലി ചെയ്തിരുന്ന വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കളമശ്ശേരി സ്ഫോടന കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് പ്രതിയെ കോടതി റിമാന്‍ഡില്‍ വിട്ടത്. മാര്‍ട്ടിനെ കാക്കനാട് ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡിൽ വിട്ടത്.
കേസില്‍ അഭിഭാഷകന്റെ സേവനം വേണ്ടെന്നും പ്രതി ഡൊമിനിക്ക് മാർട്ടിന് കോടതിയില്‍ പറഞ്ഞു. സ്വയം കേസ് വാദിക്കാമെന്നും പൊലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.
തെളിവെടുപ്പിന് ശേഷമാണ് പ്രതി ഡൊമിനിക്ക് മാർട്ടിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ബോംബ് നിർമിച്ചത് മാർട്ടിൻ തനിച്ചാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതി അതീവ ബുദ്ധിശാലിയാണെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് മാർട്ടിൻ മൊവി നൽകിയിരിക്കുന്നത്. ഐഇഡി നിർമിച്ചതിന്റെ അവശിഷ്ടങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു. പെട്രോൾ സൂക്ഷിച്ച കുപ്പിയും പൊലീസ് കണ്ടെടുത്തു.