കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി. രണ്ടാംഘട്ടത്തില്‍ കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് നടത്തിയത്. സര്‍പ്രൈസുകളില്ലാതെ കോട്ടയത്ത് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കും. ഇടുക്കിയില്‍ അഡ്വ. സംഗീത വിശ്വനാഥന് ആണ് സ്ഥാനാര്‍ത്ഥി.
അതേ സമയം, മാവേലിക്കരയില്‍ ബൈജു കലാശാല, ചാലക്കുടിയില്‍ കെ.എ ഉണ്ണികൃഷ്ണന് എന്നിവരുടെ പേര് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇടുക്കി സീറ്റിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രഖ്യാപനം വൈകാന്‍ കാരണമെന്നാണ് വിവരം. കോട്ടയത്ത് തുഷാര്‍ തന്നെ മത്സരിക്കും എന്നുള്ള കാര്യം നേരത്തെ തന്നെ ഉറപ്പായിരുന്നു. കോട്ടയത്ത് നൂറ് ശതമാനം വിജയം ഉറപ്പാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ഇടുക്കിയുടെ കാര്യത്തില്‍ കൂടി വ്യക്തത വന്നതിനുശേഷം രണ്ട് സീറ്റുകളിലും ഒന്നിച്ച് പ്രഖ്യാപനം നടത്താന്‍ വേണ്ടി മാറ്റിവെക്കുകയായിരുന്നു. എന്‍ഡിഎ മുന്നണിയില്‍ നാലു സീറ്റുകളാണ് ബിഡിജെഎസിന് ലഭിച്ചിരുന്നത്.