പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പാലക്കാടെത്തും. മോദി ഗ്യാരണ്ടി ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് റോഡ് ഷോയുടെ ലക്ഷ്യം. പാലക്കാടിനെ എ പ്ലസ് മണ്ഡലമായാണ് ബിജെപി കാണുന്നത്. മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി വമ്പന്‍ തിരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. റോഡ് ഷോയിലൂടെ ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ തങ്ങളുടെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
പാലക്കാട് അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റോഫീസ് പരിസരം വരെയാണ് റോഡ് ഷോ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നിലവില്‍ വന്‍ സുരക്ഷാ സന്നാഹമാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. നാളെ രാവിലെ 10.15ന് മേഴ്സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലാണ് പ്രധാനമന്ത്രി വന്നിറങ്ങുക. പതിനായിരക്കണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. റോഡ് ഷോ കടന്നുപോകുന്ന ഇടങ്ങളിലെല്ലാം ബാരിക്കേഡുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന പാതയിലെ ടാറിംഗ് പ്രവര്‍ത്തിയും മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തിയും പൂര്‍ത്തിയായി. വന്‍ സുരക്ഷാ സന്നാഹമാണ് പാലക്കാട് ഒരുക്കിയത്.