ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അരവിന്ദ് കെജ്രിവാള് മാര്‍ച്ച് 28 വരെ ആറ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. റോസ് അവന്യൂ കോടതിയുടേതാണ് നടപടി. കെജ്രിവാളാണ് മദ്യ കുംഭകോണത്തിന്റെ രാജാവെന്നും 2022ലെ ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നാണ് പണത്തിന്റെ പാത കണ്ടെത്തിയതെന്നും ഇഡി പറഞ്ഞു. പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. മൂന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് ഇ ഡി ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിട്ടത്.
അമിതമായ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് മദ്യനയത്തിന്റെ തല്പരകക്ഷികളില് നിന്ന് മുഖ്യമന്ത്രി വന്‍തോതില്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നും പഞ്ചാബ്, ഗോവ തിരഞ്ഞെടുപ്പുകളില്‍ പണം ഉപയോഗിച്ചെന്നും ഇഡി പറഞ്ഞു. കെജ്രിവാളിന്റെ കസ്റ്റഡി ആവശ്യമാണോ എന്ന് പരിശോധിക്കണമെന്ന് അരവിന്ദ് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിംഗ്വി പറഞ്ഞു. കള്ളപ്പണവെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ സെക്ഷന്‍ പത്തൊമ്പത് പ്രകാരമാണ് അരവിന്ദ് കെജ്രിവാളിനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് വാദത്തിനിടെ ഇ ഡി കോടതിയെ അറിയിച്ചിരുന്നു.