തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഇന്ന് മുതല്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കി. കെഎസ്ആര്‍ടിസി ബസുകളിലും ഈ നിര്‍ദേശം ബാധകമാണ്.
സെപ്റ്റംബര്‍ മുതല്‍ ഈ നിയമം നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നതിനും മറ്റുമായാണ് നവംബര്‍ വരെ സമയം നീട്ടിയത്. ഒക്ടോബര്‍ 31നകം എല്ലാ ഹെവി വാഹനങ്ങളും സീറ്റ്‌ബെല്‍റ്റ് ഉറപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റും നിരീക്ഷണ ക്യാമറയും സ്ഥാപിച്ചാല്‍ മാത്രമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്ന് കേരള ഗതാഗത വകുപ്പ് അറിയിച്ചു.