Newsperseconds.com

പതഞ്ജലി പരസ്യ വിവാദ കേസില്‍ ബാബാ രാംദേവിനെ വിമര്‍ശിച്ച് കോടതി

Capture

ദില്ലി: പതഞ്ജലി പരസ്യ വിവാദ കേസില്‍ ഹാജരായ യോഗ ആചാര്യന്‍ ബാബാ രാംദേവിനും പതഞ്ജലി ആയുര്‍വേദിന്റെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയ്ക്കും സുപ്രീംകോടതിയുടെ ശകാരം. കോടതി വിധി മാനിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരുവര്‍ക്കുമെതിരായ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് അവരില്‍ നിന്ന് സുപ്രീംകോടതി വിശദീകരണം തേടി.
കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികള്‍ സമര്‍പ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിന്റെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് ഫെബ്രുവരി 27-ലെ മുന്‍ ഉത്തരവ് പാലിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചു. പതഞ്ജലിയില്‍ നിന്നും അതിന്റെ എംഡിയില്‍ നിന്നും പ്രതികരണം തേടി. രാംദേവിന്റെ മുഖം ചിത്രീകരിച്ച് പതഞ്ജലി പുറത്തിറക്കിയ പരസ്യങ്ങള്‍ അത്തരം പരസ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കമ്പനിയുടെ മുന്‍കാല കരാറിന് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നല്‍കിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു.

അതേസമയം കോടതിയില്‍ വീണ്ടും മാപ്പുപറഞ്ഞ് അപേക്ഷിച്ചു ബാബാ രാംദേവ്. തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നുമായിരുന്നു അപേക്ഷ. എന്നാല്‍ ഈ ക്ഷമ ചോദിക്കല്‍ ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് കോടതി വിമര്‍ശിച്ചു. കടുത്ത ഭാഷയിലാണ് ബാബാ രാംദേവിനെ കോടതി വിമര്‍ശിച്ചത്.

Share this Article

Leave a Comment