Newsperseconds.com

ടിക്കറ്റ് ചോദിച്ചതില്‍ പ്രകോപനം; തൃശ്ശൂര്‍ വെളപ്പായയില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നു; പ്രതി പിടിയില്‍

Capture

തൃശ്ശൂര്‍: തൃശ്ശൂര്‍ വെളപ്പായയില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നു. എറണാകുളം-പാട്ന ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വീഴചയില്‍ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റില്ലാതെ കയറിയ ഇതരസംസ്ഥാന തൊഴിലാളികളോട് വിനോദ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവം.

മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതിഥി തൊഴിലാളിയായ പ്രതി ഒഡീഷ ഖഞ്ജം സ്വദേശി രജനീകാന്ത് രണജിത്തിനെ (42) പാലക്കാട് റെയില്‍വെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. ഒഡിഷ സ്വദേശിയായ രജനീകാന്ത് മദ്യപാനിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ഉടന്‍ തൃശൂര്‍ ആര്‍പിഎഫിന് കൈമാറും.

ഡീസല്‍ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്നു ടിടിഇ ആയിരുന്നു കെ വിനോദ്. പിന്നീട് 2 കൊല്ലം മുമ്പാണ് ഇദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ടിടിഇ കേഡറിലേക്ക് മാറ്റിയത്. എസ്11 കോച്ചില്‍വെച്ചാണ് സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്. ടിക്കറ്റില്ലാതെ കയറിയ രജനീകാന്തിനെ വിനീത് ചോദ്യം ചെയ്തതോടെ
വിനോദിനെ തൊഴിക്കുകയായിരുന്നെന്നാണ് അറിയുന്നത്. തീവണ്ടിയുടെ പുറത്തേക്ക് തെറിച്ചു വീണ ഇദ്ദേഹത്തിനുമേല്‍ തീവണ്ടി കയറിയതായും സംശയിക്കുന്നു. കോച്ചിലെ മറ്റു യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതി പാലക്കാട്ട് പിടിയിലായത്.

Share this Article

Leave a Comment