തായ്വാന്: തായ്വാനില് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. 25 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് ഉണ്ടായത്. നാല് പേര് കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭൂചലനത്തില്‍ 30 ലേറെ കെട്ടിടങ്ങളാണ് തകര്‍ന്നു വീണത്. 77 പേര് ഹുവാലിയനില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും അഗ്നിശമനസേന അറിയിച്ചു.
തായ്വാന് ടെലിവിഷന്‍ സ്റ്റേഷനുകള്‍ ഹുവാലിയനില്‍ അപകടകരമായ രീതിയില്‍ തകര്‍ന്നു വീണു കിടക്കുന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങള്‍ കാണിച്ചു. ഭൂചലനത്തിന് പിന്നാലെ തായ് വാനിലും തൊട്ടടുത്തുള്ള രാജ്യങ്ങളായ ജപ്പാന്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്കി. തീര പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ അധികൃതര്‍ ഉത്തരവിട്ടു.
തായ്വാനിലെ സെന്‍ട്രല്‍ വെതര്‍ അഡ്മിനിസ്ട്രേഷന് പ്രകാരം കിഴക്കന്‍ തീരത്ത് 15.5 കിലോമീറ്റര്‍ (9.6 മൈല്‍) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. തായ്പേയിയുടെ സബ്വേ സിസ്റ്റത്തില്‍ ശക്തമായ കുലുക്കം അനുഭവപ്പെട്ടു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.