കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്ന് ഇഡി യോട് കോടതി. കുറഞ്ഞപക്ഷം കോടതിയെ എങ്കിലും ബോധ്യപ്പെടുത്തണമെന്ന് സിംഗിള്‍ ബെഞ്ച് പരാമര്‍ശം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ചൊവ്വാഴ്ച ഹാജരാക്കണമെന്നും ഇഡിയോട് ഹെക്കോടതി ആവശ്യപ്പെട്ടു.
കിഫ്ബി മസാല ബോണ്ടിലെ അന്വേഷണത്തിനായി ഇഡി നല്കിയ സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ഫെമ നിയമലംഘനത്തില്‍ അന്വേഷണം നടത്താന്‍ ഇഡിക്ക് അധികാരമില്ലെന്നുമാണ് തോമസ് ഐസക്കിന്റെ ഹര്‍ജിയിലെ വാദം. ഇഡി സമന്‍സിനെതിരായ ഹര്‍ജി അന്തിമ തീര്‍പ്പിനായി മാറ്റിയപ്പോള്‍ വീണ്ടും ഇ ഡി സമന്‍സയച്ചുവെന്ന് ഐസക്ക് കോടതിയെ അറിയിച്ചു. അതേ സമയം, ഹൈക്കോടതി അനുകൂല ഉത്തരവൊന്നും ഇടാത്തതിനാല്‍ ഒരവസരം കൂടി നല്‍കാമെന്നും മസാലബോണ്ട് വഴി കൈപ്പറ്റിയ തുക എങ്ങനെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു സമന്‍സിലുണ്ടായിരുന്നത്. മന്ത്രിയായിരുന്നത് മൂന്ന് വര്‍ഷം മുന്‍പാണെന്നും കിഫ്ബിയുടെ തീരുമാനങ്ങളെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നുമാണ് തോമസ് ഐസക്കിന്റെ വാദം.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി കിഫ്ബി പണം ശേഖരിച്ച് അത് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായാണ് ചെലവഴിച്ചത്. ഇരുന്നൂറിലധികം രേഖകളിലാണ് ഒപ്പിട്ട് നല്‍കിയതെന്നും കോടതിയില്‍ കിഫ്ബി അറിയിച്ചു. അത് കൊണ്ടാണ് തോമസ് ഐസകിനെ ചോദ്യം ചെയ്യേണ്ട ആവശ്യകത കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് ടി.ആര്. രവി ഇഡിയോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ കിഫ്ബി നല്കിയ രേഖകളില്‍ നിന്ന് ചില കാര്യങ്ങളില്‍ വ്യക്തത വന്നിട്ടുണ്ടെന്നും തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് ഇഡിയുടെ നിലപാട്.