Newsperseconds.com

26 വര്‍ഷം പഴക്കമുള്ള ആയുധ കേസില്‍ ലാലു പ്രസാദ് യാദവിനെതിരെ അറസ്റ്റ് വാറണ്ട്

Capture

പട്‌ന: അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങിയെന്ന കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു യാദവിനെതിരെ ഗ്വാളിയോറിലെ എംപി-എംഎല്‍എ കോടതി സ്ഥിരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 26 വര്‍ഷം പഴക്കമുള്ള ആയുധ നിയമ കേസില്‍ വെള്ളിയാഴ്ചയാണ് ഈ വാറണ്ട് പുറപ്പെടുവിച്ചത്.

1998 ഏപ്രിലില്‍ ഗ്വാളിയോറിലെ ഇന്ദര്‍ഗഞ്ച് പോലീസ് ലാലു പ്രസാദ് യാദവ് ഒളിവിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ 23 പ്രതികളാണ് ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ വിവിധ കേസുകളില്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനാണ് അറസ്റ്റ് വാറണ്ട് ലഭിച്ചത്. കുറച്ചു കാലങ്ങളായി കേസ് നിര്‍ജ്ജീവമായിരുന്നു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വേട്ടയാടുന്നതിന്റെ ഭാഗമായാണ് കാലങ്ങളായി ഷെല്‍ഫില്‍ കിടക്കുന്ന കേസ് ഇപ്പോള്‍ പൊടി തട്ടിയെടുത്തതെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. അറസ്റ്റ് വാറണ്ടിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. കേസില്‍ പ്രതിയായ അനധികൃത ആയുധ വില്‍പനക്കാരനായ രാജ് കുമാര്‍ ശര്‍മ്മയുടെ മൊഴി അനുസരിച്ചാണ് ലാലു യാദവിനെ പ്രതി ചേര്‍ത്തിട്ടുള്ളത്. ഗ്വാളിയറിലെ ആയുധക്കച്ചവടക്കാരില്‍ നിന്നു വാങ്ങിയ തോക്കുകള്‍ ബിഹാറില്‍ ലാലു യാദവിന് മറിച്ചു വിറ്റുവെന്നായിരുന്നു മൊഴി.

Share this Article

Leave a Comment