കേരളത്തില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ: രാജീവ് മേനോന്. കന്നി വോട്ടര്‍മാരായ യുവതീ യുവാക്കളുടെയെല്ലാം വോട്ട് ബിജെപിക്കുള്ളതാണ്. അവര്‍ക്ക് വിശ്വാസ പൂര്‍ണ്ണമായി ജീവിക്കാനുതകുന്ന അവരെ ദ്രോഹിക്കാത്ത ഭരണമാണ് മോദി സര്‍ക്കാരിന്റേത്. ആ ഭരണതുടര്‍ച്ചയാണ് കേരളത്തിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്ന്
ഡോ. രാജീവ്മേനോന്‍ പറഞ്ഞു.
ബിജെപി 8 മണ്ഡലങ്ങളില്‍ വന്‍ വിജയം നേടുമെന്നതില്‍ തര്‍ക്കമില്ല. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നീ മണ്ഡലങ്ങള്‍ക്കാണ് പാര്‍ട്ടി മുന്‍തൂക്കം നല്‍കുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ആവേശതിരയിളക്കുകയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണ പരിപാടികള്‍. കേരളത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും ബിജെപി സീറ്റുനേടുമെന്നും ഉറപ്പുള്ള കാര്യമാണ്. തലസ്ഥാനത്തിന് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖറെന്നും ഡോ. രാജീവ്മേനോന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാര്യമായ സ്വാധീനത്തിന് പേരുകേട്ട ഒരു രാഷ്ട്രീയ ശക്തികേന്ദ്രമാണ്. വൈവിധ്യമാര്‍ന്ന ജനസംഖ്യാശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്ന ആറ്റിങ്ങല്‍ കേരളത്തിന്റെ നിര്‍ണായക മണ്ഡലമായി തുടരുകയാണ്. ആറ്റിങ്ങലില്‍ കേരള രാഷ്ട്രീയത്തിലെ അതികായനായ വി.മുരളീധരന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നതില്‍ സംശയമില്ല. 2024-ലെ ലോക്സഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്ന് വി.മുരളീധരന് എത്തിയതോടെ ബി.ജെ.പി വിജയ പ്രതീക്ഷകള്വെക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലമെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു.
ബിജെപി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു മണ്ഡലമാണ് അനില്‍ ആന്റണി മത്സരിക്കുന്ന പത്തനംതിട്ട മണ്ഡലം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയുടെ മകന് കൂടിയായ അനില്‍ ആന്റണി പത്തനംതിട്ടയില്‍ ഇതിനോടകം തന്നെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ക്രിസ്റ്റ്യന്സമുദായത്തിന്റെ പിന്തുണ വലിയ തോതില്‍ അനില്‍ ആന്റണിക്ക് ലഭിക്കുമെന്ന് ഡോ.രാജീവ്മേനോന്‍ വ്യക്തമാക്കി. പത്തനംതിട്ട പിടിച്ചെടുക്കാന്‍ ബിജെപി ആരെ കളത്തിലിറക്കുമെന്ന ചോദ്യത്തിനുള്ള മറുപടിയാണ് അനില്‍ ആന്റണി. ശക്തമായ ത്രികോണ മത്സരം നടക്കാനിടയുള്ള മണ്ഡലത്തില്‍ ആരെ ഇറക്കുമെന്നതിനെച്ചൊല്ലി ബിജെപി ദേശീയ- സംസ്ഥാന നേതൃത്വങ്ങള്‍ വലിയ ചര്‍ച്ചകളിലായിരുന്നു. അഭ്യൂഹങ്ങള്‍ക്കും വ്യാജവാര്ത്തകള്ക്കുമൊടുവില് ശക്തനായ മത്സരാര്‍ത്ഥി തന്നെയാണ് പത്തനംതിട്ടയില്‍ മത്സരത്തിനെത്തുന്നത്. വലിയ രീതിയിലുള്ള ജയസാധ്യതയാണ് മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നതൈന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു.
അതേ സമയം, തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ്ഗോപിയുടെ കാര്യത്തില്‍ പ്രതീക്ഷ വാനോളം ഉയരുകയാണെന്ന് രാജീവ്മേനോന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി പ്രചരണത്തിന് എത്തിയതോടെ ബിജെപി തൃശ്ശൂരില്‍ വന്‍ പ്രതീക്ഷയാണ് വെക്കുന്നത്. തൃശ്ശൂര്‍ ഇത്തവണ ഉറപ്പായും സുരേഷ്ഗോപി എടുത്തിരിക്കുമെന്ന് പറയുന്നതിന് കാരണങ്ങളേറെയാണ്. കഴിഞ്ഞ തവണ പരാജയപ്പെട്ടിട്ടും നാലുവര്‍ഷം മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന സുരേഷ് ഗോപി തന്നെയാണ് അതിനുള്ള പ്രധാന കാരണം. അടിസ്ഥാന വേട്ടുകള്ക്കപ്പുറത്ത് എന്നും വെല്ലുവിളിയായിരുന്ന ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് കൂടി വരുന്ന അടുപ്പവും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. പതിവ് രീതികളെല്ലാം തെറ്റിച്ചാണ് ശക്തന്റെ മണ്ണില്‍ ബിജെപിയുടെ പോരാട്ടമെന്നും ഡോ. രാജീവ്മേനോന്‍ വ്യക്തമാക്കി.
വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന് എത്തുമ്പോള്‍ രാഹുല്‍ഗാന്ധിക്ക് വെല്ലുവിളിയേറെയാണ്. ദേശീയ ശ്രദ്ധ നേടിയ വയനാട്ടില്‍ സംസ്ഥാന അധ്യക്ഷനെ തന്നെ കളത്തിലിറക്കി മത്സരം കടുപ്പിക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചതോടെ മത്സരത്തിന് ചൂടേറിയിരിക്കുകയാണ്. വയനാട്ടില്‍ സുരേന്ദ്രന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണ് പാര്‍ട്ടിയും എന്‍ഡിഎ മുന്നണിയും കാണുന്നത്.
പാലക്കാട് സി കൃഷ്ണകുമാറിന്റേത് ഞെട്ടിക്കുന്ന പ്രചരണമാണ്. ഇപ്പോള്‍ മണ്ഡലത്തിലെ ശക്തമായ സാന്നിധ്യമായി നിറഞ്ഞ് നില്‍ക്കുകയാണ് സി. കൃഷ്ണകുമാര്‍. പാലക്കാട് നഗരസഭയുടെ വൈസ് ചെയര്‍മാനായിരിക്കേയാണ് സി കൃഷ്ണകുമാര്‍ മത്സരത്തിനെത്തുന്നത്. അത് കൊണ്ട് തന്നെ പാലക്കാടിന്റെ തട്ടകത്തില്‍ വന്‍ഭൂരിപക്ഷത്തോടെ സി. കൃഷ്ണകുമാര്‍ വിജയക്കൊടി പാറിക്കുമെന്നും ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു.
ആലപ്പുഴയില്‍ നിന്ന് ശോഭാ സുരേന്ദ്രന് മത്സരിക്കുന്നതോടെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഉറക്കം നഷ്ട്പ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വനിതകള്‍ക്ക് ലോക്സഭയിലേക്ക് ടിക്കറ്റ് കൊടുത്ത പാര്‍ട്ടി ബിജെപിയാണ്. കെ സി വേണുഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നിട്ടും ആലപ്പുഴയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫിനും ആലപ്പുഴക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു. ശോഭാസുരേന്ദ്രന് വന്‍ ഭൂരിപക്ഷത്തോടെ ആലപ്പുഴയില്‍ ജയിക്കുമെന്ന് ഡോ. രാജീവ്മേനോന്‍ പറഞ്ഞു.
മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറായ അബ്ദുള്‍ സലാം മത്സരിക്കാനെത്തുമ്പോള്‍ ചരിത്രം വഴിമാറുകയാണ്. ബിജെപിയുടെ സൗമ്യമുഖമുള്ള മുസ്ലിം മുഖം എന്ന നിലയില്‍ അബ്ദുള്‍ സലാമിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ സ്വീകാര്യതയുണ്ടാക്കാന്‍ ബിജെപിയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നുവെന്നും ഡോ. രാജീവ് മേനോന് പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തികേന്ദ്രങ്ങള്‍ വരെ ബിജെപി പിടിച്ചെടുക്കുമെന്നാണ് ഡോ.രാജീവ്മേനോന്റെ പ്രവചനം. വോട്ട് വിഹിതത്തില്‍ ബിജെപിയുടേത് വന്‍കുതിച്ചുചാട്ടമായിരിക്കും. കേരളത്തില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് വലിയ മാറ്റങ്ങളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനങ്ങളും ദേശീയതയുടെ മുഖ്യധാരയിലേക്ക് വന്നുകഴിഞ്ഞു. ഇത്തവണ കേരളത്തില്‍ ബിജെപിക്ക് വോട്ട് കൂടുമെന്നും സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും ഒരേ അജണ്ടയാണ്. അവര്‍ തമ്മില്‍ യാതൊരുവിധ വ്യത്യാസവുമില്ല. അഴിമതിയും അടിച്ചമര്‍ത്തലുമാണ് ഇരു പാര്‍ട്ടികളുടേയും അജണ്ട. മാറ്റങ്ങള്‍ അനിവാര്യമാണ്. കേരളീയര്‍ വിദ്യാ സമ്പന്നരാണ്. അഴിമതിയും അടിച്ചമര്‍ത്തലുമെല്ലാം അവരുടെ ചര്‍ച്ചകളില്‍ സജ്ജീവമാണ്. കേരളം വികസനത്തില്‍ വളരെ പിന്നിലേക്ക് പോവുകയാണ്. ഇതെല്ലാം കേരളീയര്‍ക്ക് അറിയാം. അതിനാല്‍ തന്നെ കേരളീയര്‍ ദേശീയതയുടെ മുഖ്യധാരയിലേക്ക് വരുമെന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലെ ബാക്കി മണ്ഡലങ്ങളില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും ഡോ. രാജീവ്മേനോന്‍ വ്യക്തമാക്കി.