കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന അബ്ദു റഹീമിന്റെ മോചനത്തിനായുള്ള മുഴുവന്‍ പണവും സമാഹരിച്ചു. റിയാദില്‍ തടവിലുള്ള അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നും സമാനതകളില്ലാത്ത ഫണ്ട് സ്വരൂപിക്കലാണ് നടന്നത്. 34 കോടി രൂപയാണ് മോചനത്തിനായി വേണ്ടത്. എന്നാല്‍ അതില്‍ അധികം തുകയാണ് ഇന്നത്തോടെ ലഭിച്ചത്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ റഹീമിനായി ഒറ്റക്കെട്ടായാണ് കൈകോര്‍ത്തത്.
നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു. 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യന്‍ എംബസി വഴി സൗദി കുടുംബത്തിന് നല്‍കും. 2006 ലാണ് മനഃപ്പൂര്‍വ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരന്‍ മരിച്ചത്. ബോബി ചെമ്മണ്ണൂര്‍ നല്‍കിയ ഒരു കോടി രൂപ കൂടെ അടക്കമാണ് ഈ തുകയിലേക്ക് എത്തിയതെന്ന് ധനസഹായ സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടിലേക്ക് ദിനംപ്രതി വലിയൊരു തുക തന്നെ വന്നു ചേര്‍ന്നു. 10 രൂപ മുതല്‍ ഒരു കോടി വരെ വന്നെത്തിയിരുന്നു.
ഫറോക്ക് കോടമ്പുഴ സ്വദേശിയാണ് അബ്ദുല്‍ റഹീം. റിയാദിലെ ജയിലിലടച്ചിട്ട് 18 വര്‍ഷമായി. 2006ലാണ് സംഭവം നടന്നത്. അന്ന് 26 വയസായിരുന്നു. ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയ റഹീം തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്‌പോണ്‍സറുടെ മകനെ പരിചരിക്കുന്ന ജോലിയാണ് ചെയ്തത്. ഫായിസിന് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു.
എന്നാല്‍ കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അറിയാതെ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. 34 കോടി രൂപ കൊടുത്താല്‍ മാത്രമേ റഹീമിന് മോചനം കിട്ടുകയുള്ളുവെന്ന് തിരിച്ചറിഞ്ഞതോടെ കുടുംബം തളര്‍ന്നു. അപ്രതീക്ഷിതമായാണ് ലോകത്തിന്റെ പല ഭാഗത്തുമുള്ള കോടികണക്കിന് മലയാളികള്‍ പൈസ സമാഹരിച്ച് നല്‍കിയത്.