ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിയ നിയമവിരുദ്ധ പരാമര്‍ശങ്ങളില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. 42 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ ആക്രമണം, സ്ത്രീത്വത്തെ അപമാനിക്കല്‍, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെയാണ് കേസെടുത്തത്.
സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ നിര്‍മ്മിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അവ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും എന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ് എന്നും അധികൃതര്‍ അറിയിച്ചു.