ബിഗ് ബോസ് മലയാളം സീസണ് 6 നെതിരെ പരാതിയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ: രാജീവ് മേനോന്. പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഉന്നയിച്ചുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് ബി. ആര്. അംബേദ്കര്‍ സ്ഥാപിതമാക്കിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ: രാജീവ് മേനോന് പരാതിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നത്. ഏഷ്യാനെറ്റിനും ബിഗ്ബോസ് ഷോയ്ക്കും മോഹന്‍ലാലിനുമെതിരെയാണ് ഡോ: രാജീവ് മേനോന് പരാതി നല്കാന് തീരുമാനിച്ചിട്ടുള്ളത്.

നിരവധി വിമര്‍ശനങ്ങളാണ് സീസണ് 6 നെതിരെ പുറത്തുവരുന്നത്. കഴിഞ്ഞദിവസമാണ് ബിഗ് ബോസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയുമായി കൊച്ചിയിലെ ഒരു അഭിഭാഷകന് രംഗത്ത് വന്നത്. അതേ ആവശ്യം ഉന്നയിച്ചാണ് ഡോ.രാജീവ്മേനോനും സുപ്രീംകോടതിയെ സമീപിക്കുന്നത്. ബിഗ്ബോസ് സീസണ് 6 അരോചകം ആയി അനുഭവപ്പെട്ടുവെന്നും ഒരു മത്സരാര്‍ത്ഥി മറ്റൊരു മത്സരാര്‍ത്ഥിയെ ഇടിച്ചുപരിക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ കുട്ടികളടക്കം കണ്ടുകൊണ്ടിരിക്കുകയാണെന്നും ഒരിക്കലും ഇതുപോലൊരു ഷോ സംപ്രേഷണം ചെയ്യാന്‍ അനുവദിക്കാന്‍ പാടില്ലെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ബിഗ്ബോസ് ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നതെന്നും ഡോ. രാജീവ് മേനോന് കൂട്ടിച്ചേര്‍ത്തു. അടിയന്തരമായി പരിപാടി നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ഡോ.രാജീവ്മേനോന്‍ പരാതി നല്‍കുന്നത്.
കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നിച്ചിരുന്ന് കാണാന്‍ പറ്റാത്ത രീതിയിലുള്ള ഒരു ഷോ ആയി മാറിയിരിക്കുകയാണ് ബിഗ്ബോസ് സീസണ് 6 എന്നും അസഭ്യവാക്കുകളും ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഡോ.രാജീവ്മേനോന്‍ കേസ് ഫയല്‍ ചെയ്യുന്നത്. അടുത്ത ദിവസം കേസ് ഫയല്‍ ചെയ്യുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്.സി രാജീവ്, സംസ്ഥാന ട്രഷറര്‍ ഷരീഫ് ബാബു എന്നിവരുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ ഡോ.രാജീവ്മേനോന്‍ തീരുമാനിച്ചത്.