ആലപ്പുഴ: ചെന്നിത്തല കാരാഴ്മയില്‍ വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ വീട്ടില്‍ കയറിവെട്ടി. ചെന്നിത്തല കാരാഴ്മയിലാണ് യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ചത്. സംഭവത്തില്‍ കാരാഴ്മ സ്വദേശി രഞ്ജിത്ത് രാജേന്ദ്രന്‍ പിടിയില്‍. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍ ഭാര്യ നിര്‍മ്മല മകന്‍ സുജിത്ത്, മകള്‍ സജിന റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് കാരാഴ്മ എടപ്പറമ്പില്‍ ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്. അതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ യുവാവ് വെട്ടുകയായിരുന്നു. സജിനയുടെ നിലവിളി കേട്ടെത്തിയ അനിയനേയും യുവാവ് വെട്ടി. പിന്നീട് ബഹളം കേട്ടെത്തിയ റാഷുദ്ദീനും ബിനുവും പ്രതിയുടെ കയ്യില്‍ നിന്നും വെട്ടുകത്തി പിടിച്ചു മേടിക്കാന്‍ ശ്രമിച്ചതോടെ കയ്യില്‍ കരുതിയിരുന്ന പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് യുവാവ് ഇരുവരെയും തടസ്സം നിന്ന നിര്‍മ്മലയെയും മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. പിന്നീട് നാട്ടുകാര്‍ എത്തിയാണ് പ്രതിയെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്.