തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളം വിധി എഴുതാന്‍ ഇനി അഞ്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ പ്രചരണപരിപാടികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. പരസ്യ പ്രചാരണം അവസാനിക്കാന്‍ മൂന്ന് ദിവസം കൂടിയാണുള്ളത്. വോട്ടെടുപ്പിന് മുമ്പുള്ള അവസാന ഞായറാഴ്ചയാണ് ഇന്ന്. വീടുകള്‍ തോറും കയറിയിറങ്ങി പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍. നാട്ടിലെ മുക്കിലും മൂലയില്‍ തോരണങ്ങളും ഫ്ളക്സുകളും ഉയര്‍ന്നിരിക്കുകയാണ്. വേനല്‍ ചൂട് കനക്കുമ്പോള്‍ തെരഞ്ഞെടുപ്പിന്റെ ചൂടിന് വീര്യം ഒട്ടും കുറയുന്നില്ല.
കേരളത്തിലെ പ്രചാരണങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ദേശീയനേതാക്കളുടെ വന്‍ താരനിരയാണ് കളത്തിലിറങ്ങിയത്. കേരളത്തില്‍ അങ്ങോളമിങ്ങോളം ദേശീയനേതാക്കള്‍ ഉള്‍പ്പെടുന്ന റോഡ്ഷോകളാണ് നടക്കുന്നത്. രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. പരമാവധി വോട്ടുപെട്ടിയിലാക്കാന്‍ ദേശീയ നേതാക്കള്‍ അടക്കമാണ് തിരുവനന്തപുരത്തും മറ്റു ജില്ലകളിലും എത്തുന്നത്. വടകരയിലും തുടക്കം മുതല്‍ അവസാന ദിവസങ്ങളിലും ചൂടേറിയ പ്രചാരണമാണ് നടക്കുന്നത്. ശൈലജക്ക് എതിരായ സൈബര്‍ ആക്രമണവും തുടരെ തുടരെ അതിലുണ്ടായ കേസുകളുമാണ് ഏറ്റവും ഒടുവിലായി ചര്‍ച്ചയായത്. സോഷ്യല്‍മീഡിയയില്‍ ഷാഫി തരംഗമാണ്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷാഫിയും പാര്‍ലമെന്റില്‍ ശൈലജ ടീച്ചറും എന്നാണ് ശ്രദ്ധേയമായ കമന്റുകള്‍. ഇന്ന് 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ സജീവമായിരിക്കും. പ്രചരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പരമാവധി വോട്ടര്‍മാരെ കണ്ട് ഓടി നടക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍.
അതേ സമയം, കൊല്ലത്ത് കൃഷ്ണകുമാറിന്റെ പ്രചരണത്തിനായി കുടുംബം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. സിനിമ താരമായ മകള്‍ അഹാനയും സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരായ മക്കള്‍ ദിയ, ഇഷാനി, ഹന്‍സിക കൃഷ്ണ തുടങ്ങിയവരും രംഗത്തുണ്ട്. കൃഷ്ണകുമാറിന്റെ ഭാര്യയായ സിന്ധുകൃഷ്ണയും പ്രചരണപരിപാടികളില്‍ സജ്ജീവമാണ്. പൂരത്തിന്റെ മണ്ണായ തൃശൂരില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളും പൂരം കേന്ദ്രീകരിച്ച് തന്നെയായിരുന്നു. വെടിക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയാണ്. കോഴിക്കോട് ലോക്സഭ മണ്ഡലത്തിലും പ്രചരണം അവസാനലാപ്പിലേക്ക് എത്തുമ്പോള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ എളമരം കരീമിന്റെ സാന്നിധ്യം എങ്ങും നിറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എം.കെ രാഘവന്റെ സാന്നിധ്യം പല സ്ഥലങ്ങളിലും കാണാനില്ല. കോഴിക്കോടിന്റെ ഒട്ടേറെ വികസന പ്രശ്നങ്ങള്‍ മുന്നോട്ട് വെച്ചാണ് എളമരം കരീമിന്റെ വോട്ട് അഭ്യര്‍ത്ഥന നടക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്ക് വളരെ നിര്‍ണ്ണായകമായ ഒരു ഒഴിവു ദിവസമാണ് ഈ ഞായറാഴ്ച്ച.