കൊച്ചി: ചലച്ചിത്ര സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പിടികൂടിയത് പോലീസിന്റെ അഭിമാന നേട്ടമാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍. 15 മണിക്കൂറിനുള്ളിലാണ് മുംബൈ സ്വദേശിയായ പ്രതിയെ ഉഡുപ്പിയില്‍ നിന്ന് പിടികൂടിയത്. ഒരു കോടി 20 ലക്ഷം രൂപയുടെ ആഭരണം നഷ്ടമായിരുന്നുവെന്നും നഷ്ടമായ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ജോഷിയുടെ കൊച്ചി പനംപള്ളി നഗറിലെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണ, വജ്ര ആഭരണങ്ങളും പണവും മോഷണം പോയത്. ഏകദേശം ഒരുകോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് ഇയാള്‍ മോഷ്ടിച്ചത്. പൊലീസിന് അഭിമാന നേട്ടമാണ്. ആറോളം സംസ്ഥാനങ്ങളില്‍ പത്തൊമ്പതോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. സിസിടിവി ദൃശ്യങ്ങളിലെ കാറിനെ പിന്തുടര്ന്നാണ് പ്രതിയിലേക്കെത്തിയത്.
ഈ മാസം 20നാണ് ഇയാള്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് വിഐപികള്‍ താമസിക്കുന്ന പ്രദേശം ഗൂഗിളില്‍ തിരഞ്ഞിരുന്നു. പ്രദേശത്തെ മറ്റ് മൂന്ന് വീടുകളില്‍ മോഷണശ്രമം നടത്തി. പ്രതി മറ്റ് കേസുകളില്‍ ശിക്ഷ അനുഭവിച്ചയാളാണെന്നും ശ്യാം സുന്ദര്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനുമിടയിലാണ് ജോഷിയുടെ വീട്ടില്‍ മോഷണം നടന്നത്. ജോഷിയുടെ വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.