ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബന്‍സ്വാരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മുസ്ലിംകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിവാദമായി. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. മോദിയുടേത് രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
രാജ്യത്തെ രാഷ്ട്രീയത്തിനും സംസ്‌കാരത്തിനും യോജിക്കാത്തത് ആണിത്. ഒരു ഭാഗത്ത് രാമനെയും രാമക്ഷേത്രത്തേയും കുറിച്ച് പറയുന്ന മോദി മറുഭാഗത്ത് വിദ്വേഷം പരത്തുന്നു. എന്ത് രാഷ്ട്രീയവും സംസ്‌കാരവും ആണിതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രിയും ഉപയോഗിക്കാത്ത ഭാഷയാണെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.
മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടേത് വര്‍ഗീയവാദികളുടെ ഭാഷയാണ്. ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് മോദി വോട്ട് തേടുന്നു. ഏകാധിപതി നിരാശയിലാണെന്നും സിപിഎം പ്രതികരിച്ചു.