തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് തിരശ്ശീല വീഴും. പ്രചരണ പരിപാടികളുടെ അവസാനമുള്ള കൊട്ടിക്കലാശത്തിന് ഇന്ന് വൈകുന്നേരം കേരളം സാക്ഷ്യം വഹിക്കും. വെള്ളിയാഴ്ച കേരളം പോളിങ് ബൂത്തുകളിലേക്ക് എത്തുമ്പോള്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും ആത്മവിശ്വാസത്തിലാണ്. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26നാണ് കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനവും കേരളമാണ്. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക. അവസാന 48 മണിക്കൂറില്‍ നിശ്ശബ്ദപ്രചാരണത്തിന് മാത്രമാണ് അനുവാദമുള്ളത്.
തമ്മില്‍ കൊണ്ടും കൊടുത്തും അവസാനഘട്ടം വരെ വാക്പോരുകളില്‍ ശക്തി കാണിച്ചുമാണ് മുന്നണികള്‍ ഒരു മാസക്കാലം പ്രചരണത്തിന് മാറ്റ് കൂട്ടിയത്. മാറിമറിഞ്ഞ പ്രചരണ വിഷയങ്ങളില്‍ ജനങ്ങളെ സ്വാധീനിച്ചത് എന്തെല്ലാമെന്ന് മുന്നണികളും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. ഒരു മാസക്കാലത്തെ ആവേശം നിറഞ്ഞ പ്രചരണപരിപാടികളുടെ എല്ലാ വിധ ഊര്‍ജ്ജവും വാശിയും ഇന്നത്തെ കലാശക്കൊട്ടില്‍ കാണാനാവും.
വെള്ളിയാഴ്ച സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ പ്രവചനാതീതമായ അടിയൊഴുക്കുകള്‍ തന്നെയാകും തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാവുക. മുന്നണികള്‍ ആത്മവിശ്വാസം മുറുകെ പിടിക്കുമ്പോഴും ദേശീയ നേതാക്കള്‍ അടക്കം അണിനിരന്ന പ്രചരണ പരിപാടികള്‍ അവസാനിക്കുമ്പോള്‍ ആശങ്കയും ഏറെയാണ്. ആര് വീഴും ആര് വാഴും എന്നത് അറിയണമെങ്കില്‍ ജൂണ്‍ 4 വരെ കാത്തിരിക്കണം.
അതേ സമയം, നിശബ്ദ പ്രചാരണത്തിന് മാത്രം അനുവാദമുള്ള സമയങ്ങളില്‍ നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. ഇങ്ങനെ ചെയ്താല്‍
നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി മദ്യവിതരണം, സൗജന്യങ്ങളും സമ്മാനങ്ങളും നല്കല്, പണംകൈമാറ്റം തുടങ്ങിയ നിയമവിരുദ്ധ ഇടപെടലുകള്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളമടക്കം 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ്. 1206 സ്ഥാനാര്‍ത്ഥികള്‍ രണ്ടാം ഘട്ടത്തില്‍ മത്സരിക്കും. കേരളത്തിലെ 20 മണ്ഡലങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം മണ്ഡലങ്ങളില്‍ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് കര്‍ണാടകയിലാണ്. കര്‍ണാടകയിലെ 14 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ബിഹാറിലെ പൂര്‍ണിയ, ഉത്തര്‍ പ്രദേശിലെ മഥുര, ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ്, രാജസ്ഥാനിലെ ജോദ്പൂര്‍ എന്നിവ പ്രധാന മണ്ഡലങ്ങളാണ്.