കൊച്ചി: ഇ പി ജയരാജന് ബിജെപിയിലേക്ക് പോകുമെന്ന സുധാകരന്റെ വാക്കുകള്‍ക്ക് മറുപടിയുമായി ഇപി രംഗത്ത്. കെ സുധാകരനെതിരെ രൂക്ഷപ്രതികരണമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് നടത്തിയത്. സുധാകരന് സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ കഴിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്നും അതുകൊണ്ട് ഇന്നുരാവിലെ അതിന്റെ തകരാറു പ്രകടിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ബിജെപിയില്‍ പോകേണ്ട കാര്യമില്ലെന്നും അസംബന്ധവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് സുധാകരന് പറഞ്ഞ് പരത്തുന്നതെന്നും ഇപി പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ അമിത്ഷായുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുത്തത് സുധാകരനാണെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
സുധാകരനെതിരെ മാനനഷ്ടക്കേസ് നല്‍കും. കള്ളവോട്ടൊക്കെ സുധാകരന്റെ ശീലമായിരുന്നു. അതൊന്നും പഴയതുപോലെ ക്ലച്ചുപിടിക്കുന്നില്ല. തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമൊന്നുമില്ല. അവര്‍ക്കെതിരെ പൊരുതി വന്നവനാണ് താനെന്നും ഇപി കൂട്ടിച്ചേര്‍ത്തു. കെ സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ സുധാകരന് ബിജെപിയിലേക്ക് പോകാന്‍ എത്ര തവണശ്രമം നടത്തിയെന്നും ജയരാജന് ചോദിച്ചു. ബിജെപിയിലേക്ക് പോകാനായി ഇവിടെ നിന്ന് വണ്ടി കയറി ചെന്നൈയിലെത്തിയതാണ്. ഇത് മണത്തറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ചെന്നൈയിലുള്ള കോണ്‍ഗ്രസ് നേതാക്കളെ കൊണ്ട് ഇടപെടുവിച്ച് തിരിച്ചയക്കുകയായിരുന്നുവെന്നും ഇപി ജയരാജന് പരിഹസിച്ചു.