ന്യൂഡല്‍ഹി: ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു. കോണ്‍ഗ്രസ് നേതൃത്വവുമായിട്ടുള്ള അഭിപ്രായവ്യത്യാസവും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്നുമാണ് രാജി. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്ക് കിട്ടിയത്.
നാലുപേജുള്ള രാജിക്കത്താണ് കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിട്ടുള്ളത്. ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബ്രിയയുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. ബാബ്രിയയുടെ ഇടപെടലുകള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പിസിസി പ്രസിഡന്റ് പദത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച രാജിക്കത്തില്‍ വ്യക്തമാക്കുന്നു.