തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡിലെ വാക്കുതര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്. ആര്യയുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും. മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. മൊഴി എടുത്തതിന് ശേഷമേ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
അതേ സമയം, ബസ് തടഞ്ഞ് ട്രിപ്പ്മുടക്കിയെന്നും തെറി വിളിച്ചെന്നുമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവര്‍ തന്നെ അസഭ്യം പറഞ്ഞുവെന്നും, സച്ചിന്‍ദേവ് എംഎല്‍എ മോശമായി സംസാരിച്ചതായും യദു പരാതിയില്‍ പറയുന്നുണ്ട്. പാളയത്തുവെച്ച് മേയര്‍ കാര്‍ കുറുകെ കൊണ്ടിടുകയായിരുന്നു. അവര്‍തന്നെ വന്ന് ഡോര്‍ വലിച്ച് തുറന്നു വളരെ മോശമായാണ് പ്രതികരിച്ചത്. നിനക്ക് എന്നെ അറിയില്ലേ കൊച്ചുകുട്ടികള്‍ക്ക് വരെ എന്നെ അറിയാമല്ലോ എന്നാണ് മേയര്‍ ചോദിച്ചതെന്നും യദു പറഞ്ഞു.
കൂടാതെ സച്ചിന് ദേവ് എംഎല്‍എ ബസ്സിനുള്ളില്‍ കയറി വാഹനം എടുക്കാനാകില്ലെന്നും, ബസ് മുന്നോട്ടെടുത്താല്‍ അത് വേറെ വിഷയമാകുമെന്നും പറഞ്ഞു. മേയര്‍ ഇടതുവശത്തുകൂടെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുകയും എന്നാല്‍ സ്ഥലം ഇല്ലാത്തത് കൊണ്ടാണ് കടത്തി വിടാതിരുന്നതെന്നും ഡ്രൈവര്‍ പറഞ്ഞു. മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തര്‍ക്കിച്ചതെന്നും യദു പറഞ്ഞു.