Newsperseconds.com

കെഎസ്ആര്‍ടിസി ബസിലെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറില്‍ മെമ്മറികാര്‍ഡ് ഇല്ല; തെളിവുകളില്ലാതെ മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം

Capture

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുള്ള സംഭവത്തില്‍ ട്വിസ്റ്റ്. കേസന്വേഷണത്തില്‍ നിര്‍ണായകമാകേണ്ടിയിരുന്ന കെഎസ്ആര്‍ടിസി ബസിലെ വീഡിയോ റെക്കോര്‍ഡറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്ന് പൊലീസ്. ഇന്ന് നടത്തിയ പരിശോധനയില്‍ പൊലീസ് ബസിലെ ഡിവിആര്‍(ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍) കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്.

മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്ന് എസ്എച്ച്ഒ ജയകൃഷ്ണന്‍ പ്രതികരിച്ചു. അതേ സമയം, മെമ്മറി കാര്‍ഡ് മാറ്റിയതാണോ എന്നതടക്കം പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ബസിലെ യാത്രക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കന്റോണ്‍മെന്റ് പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്.

തന്നെ സമൂഹത്തില്‍ നാണം കെടുത്തിയതിന് മേയര്‍ക്കെതിരെ നിയമ പോരാട്ടം തുടരുമെന്നാണ് യദു പറയുന്നത്. അതിനിടെ ബസ് സര്‍വീസ് തടഞ്ഞ മേയര്‍ക്കും എംഎല്‍എക്കും എതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കെഎസ്യു പരാതി നല്‍കിയിരുന്നു. നടുറോഡില്‍ ബസിന് മുന്നില്‍ മേയറുടെ കാര്‍ കുറുകെ നിര്‍ത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്നിരുന്നു.

Share this Article

Leave a Comment