തിരുവനന്തപുരം: പിതാവിന്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാന്‍ കോവിഡ് വാക്‌സിന്‍ നല്‍കിയില്ലെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ. അസ്ട്രസെനെക വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് നിര്‍മ്മാതാക്കള്‍ തുറന്നു പറഞ്ഞതിന്റെ പിന്നാലെയാണ് ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയത്. പിതാവ് ഉമ്മന്‍ ചാണ്ടി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചില്ലെന്നും പിതാവിന്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാന്‍ ആണ് കോവിഡ് വാക്‌സിന്‍ നല്‍കാതിരുന്നത് എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം.
എന്നാല്‍ ഇതിനു മുമ്പ് ഉമ്മന്‍ചാണ്ടിക്ക് മകനും കുടുംബവും ചികിത്സ നിഷേച്ചിരുന്നുവെന്ന വാര്‍ത്തകള്‍ മറുനാടന്‍ മലയാളിയെന്ന ഓണ്‍ലൈന്‍ ചാനല്‍ പുറത്തുകൊണ്ടുവന്നിരുന്നു. ചാണ്ടി ഉമ്മന്റെ വിശദീകരണം ഇപ്പോള്‍ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. മറ്റെല്ലാ ചികിത്സകളും പിതാവിന് നല്‍കിയിരുന്നുവെന്നും കുടുംബപരമായി എടുത്ത തീരുമാനമാണ് വാക്‌സിന്‍ നല്‍കേണ്ടതില്ല എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. താന്‍ തന്റെ പിതാവിനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും കൊവിഡ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ തന്നെ ഗുരുതര പാര്‍ശ്വ ഫലം ഉണ്ടാക്കുമെന്ന് ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ തെറ്റായ രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ച മറുനാടന്‍ മലയാളി മാപ്പു പറയണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.