ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നൂറിലധികം സ്കൂളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി. ഒരേ മെയില്‍ സന്ദേശമാണ് സ്കൂളുകളില്‍ എത്തിയത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥികളെയും ഒഴിപ്പിച്ച് വീടുകളിലേക്ക് അയച്ചു. ഡല്‍ഹി എല്‍ജി വികെ സക്സേന പോലീസ് കമ്മീഷണറോട് സംസാരിക്കുകയും ഡല്‍ഹി-എന്‍സിആറിലെ സ്കൂളുകളില്‍ നടന്ന ബോംബ് ഭീഷണിയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
സംഭവത്തില്‍ ഡല്‍ഹി പൊലീസിന് പുറമേ കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി. പരിഭ്രാന്തരാകേണ്ടെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി മര്‍ലേന സാമൂഹ്യമാധ്യമമായ എക്സിലൂടെ അഭ്യര്‍ത്ഥിച്ചു. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഇതൊരു വ്യാജ കോളാണെന്ന് തോന്നുന്നുവെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രോട്ടോക്കോള്‍ അനുസരിച്ച് ഡല്‍ഹി പോലീസും സുരക്ഷാ ഏജന്‍സികളും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് എംഎച്ച്എ അറിയിച്ചു.
അതേ സമയം, പരിശോധനയില്‍ ഇതുവരെ ഒരു സ്കൂളില്‍ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ല. സ്കൂളുകളിലെ ഭൂരിഭാഗം സ്ഥലങ്ങളിലും പരിശോധന പൂര്‍ത്തിയായി. യാതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു മെയില്‍ പല സ്ഥലങ്ങളിലേക്ക് അയച്ചതായാണ് മനസിലാക്കുന്നതെന്നും നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഡല്‍ഹി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.