കൃത്യമായ ആചാരങ്ങളും അനുഷ്ഠാനുങ്ങളുമില്ലാതെ നടക്കുന്ന ഹിന്ദു വിവാഹങ്ങള്‍ സാധുവാകില്ലെന്ന സുപ്രീംകോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ:രാജീവ് മേനോന്. ഇന്ത്യന്‍ സമൂഹത്തില്‍ വലിയ മൂല്യമുള്ള ഹിന്ദുവിവാഹ നിയമത്തില്‍ സുപ്രധാന നിരീക്ഷണമാണ് സുപ്രീംകോടതിയുടേതെന്നും ഡോ.രാജീവ്മേനോന്‍ വ്യക്തമാക്കി.

വിവാഹത്തിലേക്ക് കടക്കും മുമ്പ് സ്ത്രീയും പുരുഷനും ആഴത്തില്‍ അതേ കുറിച്ച് ചിന്തിക്കണമെന്നും ഇന്ത്യന്‍ സമൂഹത്തില്‍ അത് എത്രത്തോളം വിശുദ്ധമാണെന്ന് മനസ്സിലാക്കണമെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു. ആചാരപ്രകാരം ചടങ്ങുകളോടെയുള്ള വിവാഹങ്ങള്‍ക്കു മാത്രമേ 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം സാധുതയുള്ളുവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. രജിസ്റ്റര്‍ ചെയ്തത് കൊണ്ട് മാത്രം വിവാഹത്തിനു സാധുത ലഭിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു.

നിയമത്തിലെ ഏഴാം വകുപ്പനുസരിച്ച് ആചാരപ്രകാരമുള്ള ചടങ്ങുകളും എട്ടാം വകുപ്പനുസരിച്ച് രജിസ്ട്രേഷനുമാണ് നടക്കേണ്ടത്. എന്നാല്‍ ഇന്നത്തെ കാലത്ത് പാട്ടിനു കൂത്തിനും മാത്രം പ്രാധാന്യം നല്‍കിയാണ് വിവാഹങ്ങള്‍ നടക്കുന്നത്. വിവാഹം ഒരു വാണിജ്യ ഇടപാടല്ല. ഇന്ത്യന്‍ സമൂഹത്തിന്റെ മഹത്തായൊരു ചടങ്ങാണ്. രണ്ട് പേര് ആജീവനാന്ത കാലത്തേക്ക് ഒന്നിച്ചു ചേരുക കൂടി ചെയ്യുന്നത് കൊണ്ടാണ് വിവാഹത്തെ വിശുദ്ധമെന്ന് വിശേഷിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ സുപ്രീംകോടതിയുടെ വിധിയെ സന്തോഷപ്പൂര്‍വ്വം സ്വീകരിക്കുന്നുവെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു. അതേ സമയം, വിവാഹചടങ്ങുകളൊന്നുമില്ലാതെ യുവതീയുവാക്കള്‍ വിവാഹം നടത്തി ഭാര്യാ ഭര്‍തൃ പദവി സ്വീകരിക്കുന്ന പരിപാടിയോട് വിയോജിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.