കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു. ഇന്ന് രാവിലെയാണ് യുവതി ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ശുചിമുറിയില്‍ കയറി ഏറെ നേരം കഴിഞ്ഞിട്ടും യുവതി പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് മുറിയില്‍ താമസിക്കുന്നവര്‍ വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് അമ്മയേയും നവജാത ശിശുവിനേയും കണ്ടത്. ഉടനെ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
അവിവാഹിതയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയാണ് യുവതി. നേരത്തെ യുവതിയുടെ ക്ഷീണം കണ്ട് മുറിയിലുണ്ടായിരുന്നവര്‍ ചോദിച്ചപ്പോള്‍ ഗ്യാസ് കൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ടാണെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. രണ്ടര കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണ്. എറണാകുളം നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി യുവതിയേയും കുഞ്ഞിനേയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്കി. ഇതേത്തുടര്‍ന്ന് കാമുകനോടും വീട്ടുകാരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.