ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 11 സംസ്ഥാനങ്ങളിലെ 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഗുജറാത്തിലെ 25 മണ്ഡലങ്ങള്‍, കര്‍ണാടകത്തിലെ 14 മണ്ഡലങ്ങള്‍, മധ്യപ്രദേശിലെ 8 മണ്ഡലങ്ങള്‍, യു പിയിലെ 10 മണ്ഡലങ്ങള്‍, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധി കുറിക്കുക. രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പോളിംഗ്.
രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുല്‍ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ്. സൂറത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ അവിടെ വോട്ടെടുപ്പില്ല. ജമ്മു കശ്മീരിലെ അനന്ത്നാഗ് രജൗരി മണ്ഡലത്തില്‍ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്കു മാറ്റി. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.