തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ രണ്ട് സ്ഥലങ്ങളില്‍ അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ച് ബിജെപി. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ മത്സരിച്ച തിരുവനന്തപുരത്തും സുരേഷ് ഗോപി മത്സരിച്ച തൃശ്ശൂരിലുമാണ് ബിജെപി വിജയമുറപ്പിച്ചിരിക്കുന്നത്. നാല് ലക്ഷത്തിന് മുകളില്‍ വോട്ടുകള്‍ നേടി വിജയം കൈവരിക്കുമെന്നാണ് ബിജെപി നേതൃയോഗത്തില്‍ വിലയിരുത്തല്‍.
സംസ്ഥാനം ഇത്തവണ കേന്ദ്രസര്‍ക്കാരിന്റെ മികച്ച ഭരണത്തിനുള്ള പൊസിറ്റീവ് വോട്ടാണ് രേഖപ്പെടുത്തിയത്. ആറ്റിങ്ങലിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ആലപ്പുഴയില്‍ നേടുമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനുമാണ് മത്സരിച്ചത്. അഞ്ചിലേറെ മണ്ഡലങ്ങളില്‍ ബിജെപിക്ക് പ്രതീക്ഷയുണ്ട്. അതില്‍ രണ്ട് മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ്.
എന്‍ഡിഎ വല്ല്യ സംഖ്യയില്‍ വിജയിക്കും. ഒരിക്കല്‍ ചക്ക വീണ് മുയല് ചത്തുവെന്ന് കരുതി എല്ലായ്പ്പോഴും അതുണ്ടാവില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു.
അതേ സമയം, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുമ്പ് തന്നെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ബിജെപി ചെയ്തു തുടങ്ങി. 2025 ല്‍ നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളാണ് നേരത്തെ ആരംഭിച്ചത്. പഞ്ചായത്ത് കണ്വന്ഷന് കേണിച്ചിറയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. 100 പഞ്ചായത്ത്, തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകള്‍, 20 നഗരസഭകള്‍ എന്നിവയാണ് സംസ്ഥാന നേതൃത്വം ലക്ഷ്യമിട്ടത്. കോര്‍പ്പറേഷനുകളും നഗരസഭകളും പിടിച്ചെടുക്കാനുള്ള ഉത്തരവാദിത്തം ഇന്നത്തെ യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് നല്കി.