വിവാദ പരാമര്‍ശത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് സാം പിട്രോഡ. ഇംഗ്ലീഷ് മാധ്യമമായ ദി സ്റ്റേറ്റ്സ്മാന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ വിവാദ പരാമര്‍ശമാണ് രാജിവെക്കാനുണ്ടായ കാരണം. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവര്‍ ചൈനക്കാരെപോലെയും, പടിഞ്ഞാറ് ഭാഗത്തുള്ളവര്‍ അറബികളെപോലെയും, വടക്ക് ഭാഗത്തുള്ളവര്‍ വെള്ളക്കാരെപോലെയും, തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണെന്ന പരാമര്‍ശമാണ് വിവാദത്തിന് തിരി കൊളുത്തിയത്.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ സാം പിട്രോഡ അറിയിച്ചതായും, തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ചതായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ എങ്ങനെ കാണപ്പെടുന്നുവെന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വംശീയ പരാമര്‍ശം നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും പിട്രോഡയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചിരുന്നു.
അതേ സമയം, പിട്രോഡയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പരാമര്‍ശം മോശമാണെന്നും രാജ്യത്തെ നിറത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നതും അപമാനിക്കുന്നതും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിന് രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസ് എതിര്‍ത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് ഇപ്പോഴാണ് മനസ്സിലായതെന്നും ദ്രൗപതി മുര്‍മുവിന്റെ ചര്‍മ്മം ഇരുണ്ടതാണ്, അതിനാല്‍ അവര്‍ ആഫ്രിക്കക്കാരിയാണെന്ന് കരുതിയ കോണ്‍ഗ്രസ് അവരെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിച്ചിവെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.