തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് നടന്നില്ല. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് അഞ്ചാമത്തെ ദിവസമാണ് ഡ്രൈവിങ് ടെസ്റ്റ് പണിമുടക്ക് തുടരുന്നത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഇരുന്നും കിടന്നും പ്രതിഷേധം തുടര്‍ന്നു. കാസര്‍കോട് പായ വിരിച്ച് റോഡില്‍ കിടന്നാണ് പ്രതിഷേധം നടന്നത്. കാഞ്ഞങ്ങാട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.
തിരുവനന്തപുരം മുട്ടത്തറ ഗ്രൗണ്ടില്‍ 21 പേര്‍ക്കായിരുന്നു ഇന്ന് ടെസ്റ്റിന് സ്ലോട്ട് നല്‍കിയത്. എന്നാല്‍, ആരും ടെസ്റ്റിന് എത്തിയിട്ടില്ല. സ്വന്തം വാഹനവുമായി എത്തുന്നവര്‍ക്ക് ഇന്ന് ടെസ്റ്റ് നടത്താം എന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. അതേ സമയം, പാലക്കാട് മലമ്പുഴയില്‍ കുത്തുപാള കഞ്ഞി സമരമാണ് പ്രതിഷേധക്കാര്‍ നടത്തിയത്. പരിഷ്രിച്ച ഡ്രൈവിങ്ങ് ടെസ്റ്റ് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡ്രൈവിങ്ങ് സ്‌കൂള്‍ അസോസിയേന്റെ നേതൃത്വത്തിലുള്ള സമരം. 15 വര്‍ഷത്തിന് ശേഷമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് പാടില്ലെന്ന നിര്‍ദ്ദേശവും, ഇരട്ട ക്ലച്ചും ബ്രേക്കും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശവും ഉള്‍പ്പെടെ ഫെബ്രുവരി മാസത്തിലുള്ള സര്‍ക്കുലര്‍ പിന്‍വിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടിലെന്നാണ് സമിതി പറയുന്നത്.