ഡല്‍ഹി മദ്യ നയ കേസില്‍ ജൂണ്‍ 1 വരെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കെജ്രിവാളിന്റെ ഭാര്യ സുനിതയും ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ജയിലിന് പുറത്ത് തടിച്ചുകൂടിയിരുന്നു. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്രിവാള് പറഞ്ഞു, ”ദൈവാനുഗ്രഹം എന്നോടൊപ്പമുണ്ട്. ഞാന്‍ ഉടന്‍ മടങ്ങിവരുമെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ? ഞാന്‍ മടങ്ങിയെത്തി.’ ‘എനിക്കുള്ളതെല്ലാം ഉപയോഗിച്ച് ഞാന്‍ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുകയാണ്. വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
നാളെ രാവിലെ 11 മണിക്ക് ഞങ്ങള്‍ എല്ലാവരും കൊണാട്ട് പ്ലേസിലെ ഹനുമാന് മന്ദിറിലേക്ക് പോകും, തുടര്‍ന്ന് ഉച്ചയ്ക്ക് 1 മണിക്ക് പാര്‍ട്ടി ഓഫീസില്‍ പത്രസമ്മേളനം ഉണ്ടായിരിക്കും. എല്ലാവരോടും ഹനുമാന് മന്ദിറിലേക്ക് വരാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ചിന്റെ വിധി. ജൂണ്‍ ഒന്നുവരെയാണ് കെജരിവാളിനു ജാമ്യം അനുവദിച്ചത്.മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന കള്ളപ്പണക്കേസില്‍ മാര്‍ച്ച് 21നാണ് കെജരിവാളിനെ അറസ്്റ്റ് ചെയ്തത്.
കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ തിഹാര്‍ ജയിലിന് പുറത്ത് പ്രവര്‍ത്തകര്‍ ലഡു വിതരണം ചെയ്യുകയാണ്. ഇന്ന് ആം ആദ്മി പാര്‍ട്ടിക്ക് മാത്രമല്ല, രാജ്യത്തിനാകെ വലിയ സന്തോഷമുള്ള ദിവസമാണ്. ഇപ്പോള്‍ ഡല്‍ഹിയില്‍ വലിയൊരു മാറ്റം കാണാനാകുമെന്ന് എഎപി നേതാവ് ദുര്‍ഗേഷ് പഥക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാവരും സന്തോഷത്തിലാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ ഇപ്പോള്‍ സന്തുഷ്ടരാണ്, കാരണം അവരുടെ മുഖ്യമന്ത്രിയെ ഭരണഘടനാ വിരുദ്ധമായി അറസ്റ്റ് ചെയ്തതെങ്ങനെയെന്ന് അവര്‍ക്കും അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.