Newsperseconds.com

വോട്ട് ചെയ്യാനെത്തിയ മുസ്ലീം സ്ത്രീ വോട്ടര്‍മാരുടെ മുഖാവരണം ഊരാന്‍ ആവശ്യപ്പെട്ടു; ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

Capture

ഹൈദരാബാദ്: ഹൈദരാബാദ് ലോക്സഭാ സീറ്റില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലത പോളിംഗ് സ്റ്റേഷനില്‍ മുസ്ലീം സ്ത്രീ വോട്ടര്‍മാരുടെ ഐഡന്റിറ്റി പരിശോധിച്ച സംഭവം വിവാദത്തിലേക്ക്. സംഭവത്തില്‍ മാധവി ലതക്കെതിരെ കേസെടുത്ത് പോലീസ്. നിഖാബ് ധരിച്ചെത്തിയ മുസ്ലീം സ്ത്രീകളോട് സ്ഥിരീകരണത്തിനായി മുഖാവരണം നീക്കാന്‍ മാധവി ലത ആവശ്യപ്പെടുന്ന വീഡിയോയാണ് വൈറലായത്.

പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുന്ന സ്ത്രീകളോടാണ് മുഖാവരണം മാറ്റണമെന്ന് പറഞ്ഞത്. എന്നാല്‍ പോളിങ് ഓഫീസിലെ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ചെയ്യേണ്ട കാര്യമാണ് സ്ഥാനാര്‍ത്ഥിയായ മാധവി ലത ചെയ്തത്. മുഖാവരണം ഊരാന്‍ ആവശ്യപ്പെടുന്നതും രേഖകള്‍ വാങ്ങി പരിശോധിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സ്ഥാനാര്‍ത്ഥിക്ക് ഇതിനുള്ള അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി വീഡിയോക്ക് താഴെയും സോഷ്യല്‍മീഡിയയിലും നിരവധി കമന്റുകളാണ് വരുന്നത്. വോട്ടര്‍മാരെ പരിശോധിക്കാന്‍ സ്ഥാനാര്‍ത്ഥിക്ക് അവകാശമില്ലെന്ന് ചൂണ്ടി കാട്ടി ഇതര രാഷ്ട്രീയ കക്ഷികള്‍ പരാതി നല്‍കി. പരാതി ശരിവെച്ച് തിരഞ്ഞെടുപ്പ് ഓഫീസര്‍ കേസെടുക്കുകയും ചെയ്തു.

എന്നാല്‍, ആരോപണങ്ങള്‍ തള്ളുകയാണ് മാധവി ലത. സ്ഥാനാര്‍ഥിയെന്ന നിലയില്‍ തനിക്ക് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ പരിശോധിക്കാന്‍ അവകാശമുണ്ടെന്നും വളരെ വിനയത്തോടെയാണ് ഞാന്‍ ശിരോവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു. ആര്‍ക്കെങ്കിലും ഇതൊരു വിവാദമാക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, അവര്‍ക്ക് പരാജയഭീതിയുണ്ടെന്നാണ് അര്‍ഥമെന്നും മാധവി ലത കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment