തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത സമരം കാരണം അവസാനമായി ഭര്‍ത്താവിനെ ഒരു നോക്ക് കാണാനാകാതെ തിരുവനന്തപുരം സ്വദേശിയായ അമൃത. വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ ഒമാനില്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലായിരുന്ന തന്റെ ഭര്‍ത്താവിനെ കാണാന്‍ പോകാന്‍ അമൃതയ്ക്ക് കഴിഞ്ഞില്ല.
ഇന്നലെയാണ് നമ്പി രാജേഷ് മരിച്ചത്. മസ്‌കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്. കഴിഞ്ഞ ഏഴാം തീയതിയാണ് രാജേഷിനെ ഹൃദയാഘാതം മൂലം ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഭാര്യയെ കാണണമെന്ന് രാജേഷ് അറിയിച്ചിരുന്നു. എട്ടാം തിയ്യതി തന്നെ ഭാര്യക്ക് മസ്‌ക്കറ്റിലേക്ക് ടിക്കറ്റ് എടുത്തു. എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ജീവനക്കാരുടെ സമരത്തെ കുറിച്ച് അറിഞ്ഞത്. തനിക്ക് എന്തായാലും ഭര്‍ത്താവിനെ കാണണമെന്നും എയര്‍ഇന്ത്യയുടെ അധികാരികള്‍ പെട്ടെന്നു തന്നെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അമൃത മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും പോയേ പറ്റുവെന്ന് അമൃത ഒരുപാട് തവണ അധികാരികളോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു.
എന്നാല്‍, അവസാനമായി അമൃതയ്ക്ക് ഭര്‍ത്താവിനെ ഒരു നോക്ക് കാണാന്‍ സാധിച്ചില്ല. വിമാനത്താവളത്തില്‍ നിന്ന് കമ്പനി പ്രതിനിധികളോട് ഒരുപാട് കെഞ്ചിയെന്നാണ് അമൃതയുടെ അമ്മ പറയുന്നത്. എന്നിട്ടും ആരും സഹായിച്ചില്ലെന്നും ഇവര്‍ കണ്ണീരോടെ പറയുന്നു. ഒമ്പതാം തീയ്യതി പോകാമെന്ന് അറിയിച്ചെങ്കിലും അന്നും വിമാനമില്ലാതിരുന്നതിനാല്‍ പോകാനായില്ല. പിന്നീട് ഫ്‌ളൈറ്റുകളൊന്നും ലഭ്യമായിരുന്നില്ല. ഇന്നലെയോടെ രാജേഷിന്റെ അവസ്ഥ വീണ്ടും മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇന്ന് രാത്രി വൈകി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്.