കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് നടന്ന ചികിത്സാ പിഴവിനെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലു വയസ്സുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ പിഴവ് ഗൗരവതരമാണെന്നും മുഖ്യമന്ത്രി പിണറായിവിജയന് ഇതിന് മറുപടി പറയണമെന്നും കെ.സുരേന്ദ്രന് പറഞ്ഞു. കൈവിരലിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്ത സംഭവം സംസ്ഥാനത്തിന് നാണക്കേടാണ്. ആരോഗ്യമേഖലയെ കുത്തഴിഞ്ഞ നിലയിലാക്കിയതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. കുഞ്ഞിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയുകയും ചെയ്യണമെന്ന് കെ.സുരേന്ദ്രന് പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജില ചികിത്സ പിഴവ് വരുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഇതിനു മുമ്പും പല രീതിയിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും ചികിത്സപിഴവുകള്‍ തുടരുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിപ്പോയ സംഭവത്തില്‍ സ്ത്രീക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ സിപിഐഎമ്മുകാരനായ താല്‍ക്കാലിക ജീവനക്കാരന് പീഡിപ്പിച്ചതും അതിനെതിരെ പ്രതികരിച്ച വനിതാ ഉദ്യോഗസ്ഥയെ സര്‍ക്കാര്‍ വേട്ടയാടിയതും രാജ്യം കണ്ടതാണ്. എന്തുകൊണ്ടാണ് ആരോഗ്യമേഖലയില്‍ ഇത്തരം പ്രശ്നങ്ങള്‍ തുടര്‍ക്കഥയാവുന്നത്. ഇതിനൊന്നും തടയിടാന്‍ കഴിയാത്ത ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉടന്‍ രാജിവെക്കണമെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ കുരുതിക്കളമാവുമ്പോള് മുഖ്യമന്ത്രി ലോകം ചുറ്റി നടക്കുകയാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.