രാജ്യത്ത് ഇന്ത്യസഖ്യം അധികാരത്തിലെത്തുമെന്ന് മനക്കോട്ട കെട്ടി വ്യാജവാര്‍ത്തകള്‍ മെനയുന്ന തിരക്കിലാണ് കേരളത്തിലെ ഇടത് വലത് നേതാക്കളെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ:രാജീവ് മേനോന്. മുന്‍കാല റെക്കോര്‍ഡുകള്‍ മറികടന്ന് നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന ബിജെപി സഖ്യം വന്‍വിജയം നേടുമെന്ന് മനസ്സിലാക്കിയതോടെ പുതിയ അടവുകള്‍ പയറ്റി ഇറങ്ങുകയാണ് കേരളത്തിനകത്തും പുറത്തുമുള്ള നേതാക്കന്മാര്. ഇന്ത്യസഖ്യത്തിന് ഒരിക്കലും രാജ്യം ഭരിക്കാനാവില്ല. ഹിന്ദി ഹൃദയഭൂമിയില്‍ ഏറ്റവുമൊടുവില്‍ നടന്ന മൂന്നു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പോലും ഇന്ത്യ സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു.
ഡല്‍ഹിയില്‍ മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയെന്നാണ് കേരളത്തിലെ നേതാക്കന്മാര് പ്രചരിപ്പിക്കുന്നത്. എന്നാല്‍, നൂറ് സീറ്റ് പോലും ലോക്സഭയില്‍ നേടാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങുക. ഓരോ വര്‍ഷവും ഓരോ പ്രധാനമന്ത്രി എന്നതാണ് ഇന്ത്യ സഖ്യത്തിന്റെ ഫോര്‍മുല. അവര്‍ അഞ്ചുവര്‍ഷം അധികാരത്തിലെത്തിയാല്‍ ഓരോ വര്‍ഷവും പ്രധാനമന്ത്രിയെ മാറ്റികളിക്കും. ഇതോടെ രാജ്യത്തിന്റെ ഗതി എന്താവുമെന്നും ഡോ. രാജീവ്മേനോന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരുണ്ടാക്കിയിട്ട് പണമുണ്ടാക്കാനാണ് ഇന്ത്യ സഖ്യം ശ്രമിക്കുന്നത്. പ്രതിപക്ഷം അധികാരത്തില്‍ വന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിനായി ഭരണഘടനയില്‍ മാറ്റം വരുത്തുമെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു.
അതേ സമയം, ഈ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ശക്തമായ വെല്ലുവിളി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിലുള്ള ബിജെപിയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി രാജ്യത്തുടനീളമുള്ള വോട്ടര്‍മാരില്‍ ആഴത്തില്‍ പ്രതിധ്വനിച്ചുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ മറികടന്ന് ബിജെപി വന്‍ വിജയം നേടുമെന്ന് പ്രവചിക്കുന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. ഈ അഭൂതപൂര്‍വമായ വിജയം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ഇന്ത്യയിലെ ജനങ്ങള്‍ നല്കിയ ശക്തമായ പിന്തുണയും വിശ്വാസവും അടിവരയിടുന്ന ഒന്നാണെന്ന് ഡോ. രാജീവ് മേനോന് അഭിപ്രായപ്പെട്ടു. കൂടാതെ, ബി.ജെ.പിയുടെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ കഴിവുള്ള ഒരു പ്രതിപക്ഷപാര്‍ട്ടിയും നിലവില്‍ ഇല്ലെന്നും ഒരു പ്രതിപക്ഷ നേതാവും ബിജെപിയുടെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് കാര്യമായ ഭീഷണി ഉയര്‍ത്താന്‍ തയ്യാറല്ലെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു.