Newsperseconds.com

യൂക്കാലി മരങ്ങള്‍ നടാന്‍ വനം വകുപ്പിന്റെ പച്ചക്കൊടി; തീരുമാനം കാടിനെ തകര്‍ക്കും; മുഖ്യമന്ത്രി ഇടപെട്ട് തീരുമാനം ഉടന്‍ പിന്‍വലിക്കണം; ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ് ദാസ്

Untitled 1

ആലപ്പുഴ:കേരള വനം വികസന കോര്‍പറേഷന്റെ (കെഎഫ്ഡിസി) തോട്ടങ്ങളില്‍ ഒരു വര്‍ഷത്തേക്ക് യൂക്കാലി മരങ്ങള്‍ നടാനുള്ള സംസ്ഥാന വനം വകുപ്പിന്റെ അനുമതി കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകര്‍ക്കുമെന്ന് ആര്‍.പി.ഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ് ദാസ്. തീരുമാനം ഉടന്‍ പിന്‍വലിക്കണം. വിഷയത്തില്‍ അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണമെന്നും ആര്‍പിഐ നേതാവ് ന്യൂസ്‌പെര്‍സെക്കന്റ്‌സിനോട് പറഞ്ഞു.

ജലം കൂടുതല്‍ വലിച്ചെടുക്കുന്നവയും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നവയുമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് യൂക്കാലി, അക്കേഷ്യ എന്നിവ നടുന്നത് വിലക്കി 2017ല്‍ സംസ്ഥാന വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു. 2021 ല്‍ സ്വാഭാവിക വന പുനഃസ്ഥാപന നയം നിലവില്‍ വന്നപ്പോള്‍ യൂക്കാലി ഉള്‍പ്പെടെയുള്ള മരങ്ങള്‍ നീക്കം ചെയ്ത് പകരം മാവ്, പ്ലാവ്, കാട്ടുനെല്ലി, വാക, കാട്ടുപുളി തുടങ്ങിയവ നടാനായിരുന്നു നിര്‍ദേശം. ഇതിനു വിരുദ്ധമായിട്ടാണ് തോട്ടങ്ങളില്‍ യൂക്കാലി മരങ്ങള്‍ നടാന്‍ വനംവകുപ്പ് പച്ചക്കൊടി കാട്ടിയത്. ഇതോടെ നാട്ടില്‍ വന്യമൃഗശല്യം രൂക്ഷമാകുമെന്നും രാജീവ് ആരോപിച്ചു.

യൂക്കാലി, മാഞ്ചിയം, അക്കേഷ്യ തുടങ്ങിയവയുടെ തോട്ടങ്ങളില്‍ അടിക്കാടുകള്‍ വളരില്ല. ജലം കൂടുതല്‍ വലിച്ചെടുക്കുന്ന വൃക്ഷങ്ങള്‍ കാടിനേയും നശിപ്പിക്കും. വരള്‍ച്ച കൂട്ടും. ഇതോടെ വെള്ളവും തീറ്റയും തേടി വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസമേഖലയിലേക്ക് ഇറങ്ങുമെന്നും രാജീവ് വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കണമെന്നും ആര്‍. സി രാജീവ്ദാസ് ആവശ്യപ്പെട്ടു. ആര്‍പിഐയുടെ സംസ്ഥാന സെക്രട്ടറിമാരായ സുനില്‍ മന്നത്ത്, സുഭാഷ്, സംസ്ഥാന ട്രഷറര്‍ ഷെരീഫ് ബാബു, യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് ലിനേഷ്‌കുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം മാധ്യമങ്ങളെ കണ്ടു.

Share this Article

Leave a Comment