തിരുവനന്തപുരം: എല്ലാ കുട്ടികളും നീന്തല്‍ പഠിക്കാന്‍ തയ്യാറാകണമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. കടുത്ത വേനല്‍ കഴിഞ്ഞ് എത്തിയ മഴ വടക്കന്‍ കേരളത്തില്‍ അതിഥി തൊഴിലാളികളുടെ കുട്ടികള്‍ ഉള്‍പ്പെടെ മരണപ്പെട്ട മനസ്സിനെ ഉലയ്ക്കുന്ന സംഭവമുണ്ടായി. നീന്തല്‍ പഠിക്കുന്നത് കൊണ്ട് വെള്ളപ്പൊക്കവും ഒഴുക്കും പോലുളള പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്ന് കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
ഇത് കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. സംസ്ഥാന ശിശുക്ഷേമ സമിതിയെപ്പോലുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മുന്നോട്ടു വരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്തു സംഘടിപ്പിച്ചു വരുന്ന കിളിക്കൂട്ടം അവധിക്കാല ക്യാമ്പില്‍ കുട്ടികളോട് സംവദിക്കാന്‍ എത്തിയതായിരുന്നു മന്ത്രി. ദുരിതവും വേദനയും തിരിച്ചറിയാനും കുട്ടികള്‍ക്ക് സാധിക്കണം. അതോടൊപ്പം സഹ ജീവികളോട് സഹാനുഭൂതിയും വേണം. മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യനെ ജാതീയമായി കാണാതെ മനുഷ്യനായി കാണണം. ജാതി ഒരു സാമൂഹ്യ വിപത്താണ്. പണ്ട് കാലങ്ങളില്‍ ജാതീയമായി പല കാരണങ്ങളാല്‍ മനുഷ്യരെ പിന്തള്ളപ്പെട്ടു. ജാതീയമായ വിവേചനം വര്‍ദ്ധിച്ചു. അവര്‍ക്ക് സമ്പത്തും അധികാരങ്ങളും നിഷേധിച്ചു. ആ ജനതയെ സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പിന്‍കാലങ്ങളില്‍ നല്‍കിയതുമൂലമാണ് അവര്‍ പൊതുധാരയിലേക്ക് എത്തിയത്. ഇന്ന് എല്ലാ മേഖലകളിലും ആ വിഭാഗങ്ങള്‍ക്ക് സമൂലമായ മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് തുല്യമായി നേടിയെടുക്കാന്‍ കഴിഞ്ഞു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. പ്രത്യേക മേഖലകളില്‍ പരിശീലനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് എല്ലാവിധ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന ഉറപ്പും മന്ത്രി ക്യാമ്പംഗങ്ങള്‍ക്ക് നല്‍കി.