ന്യൂഡല്‍ഹി: തന്റെ ചെറുമകനും ലൈംഗികപീഡനക്കേസിലെ പ്രതിയുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്കി മുത്തച്ഛനും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവഗൗഡ. രാജ്യത്ത് തിരിച്ചെത്തി പോലീസിന് മുന്നില്‍ കീഴടങ്ങാനാണ് താക്കീത് നല്‍കിയിരിക്കുന്നത്. തന്റെ ക്ഷമ പരീക്ഷിക്കരുതെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പ്രജ്വലിന് തക്കതായ ശിക്ഷ നല്‍കണമെന്നും എഴുതിയ കുറിപ്പ് ദേവഗൗഡ തന്നെയാണ് സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവച്ചത്.
പ്രജ്വല്‍ രേവണ്ണയ്ക്ക് തന്റെ താക്കീത് എന്ന തലക്കെട്ടില്‍ രണ്ടുപേജുള്ള തുറന്ന കത്താണ് അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. പ്രജ്വല്‍ എവിടെയാണെന്നറിയില്ല, ഇത്തരത്തില്‍ ഒരു കുറ്റം പ്രജ്വല്‍ ചെയ്തിരുന്നെങ്കില്‍ വിദേശത്തേക്കുള്ള യാത്ര താന്‍ തടയുമായിരുന്നെന്നും കുറിപ്പില്‍ പറയുന്നു. എന്റെ ക്ഷമ പരീക്ഷിക്കരുത്, തിരിച്ചു വരണം. നിയമം നിയമത്തിന്റെ വഴിക്ക് പോകണം, അതിനെ അനുസരിക്കണം. എത്രയും പെട്ടെന്ന് തിരിച്ചെത്തി വിചാരണ നേരിടണമെന്നും പ്രജ്വലിനോട് പാര്‍ട്ടി ലെറ്റര്‍ ഹെഡിലൂടെ പ്രസ്താവന ഇറക്കി ദേവഗൗഡ ആവശ്യപ്പെട്ടു.
സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തനിക്കും കുടുംബത്തിനുമെതിരെ വലിയ രോഷമാണ് ഉണ്ടാവുന്നത്, ആരെയും ഈ കാര്യത്തില്കുറ്റപ്പെടുത്താനാവില്ല. ഇത്തരം ഒരും കുറ്റം ചെയ്താല്‍ തക്കതായ ശിക്ഷ തന്നെ നല്‍കണം. തിരിച്ചെത്തിയില്ലെങ്കില്‍ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിനെതിരെ നില്‍ക്കുമെന്നും 60 വര്‍ഷ കാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ജനങ്ങളോടാണ് കുടുംബത്തോടല്ല കടപ്പാടെന്നും ദേവഗൗഡ വിശദീകരിച്ചു.