കാന്‍ ചലച്ചിത്ര മേളയില്‍ ശ്രദ്ധ നേടി കനി കുസൃതിയും ദിവ്യ പ്രഭയും ഹൃദ്ധു ഹാറൂണും. പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ചാണ് ഇവര്‍ കാനിലെത്തിയത്. നിരവധി പേര്‍ ദിവ്യപ്രഭയുടേയും കനി കുസൃതിയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. താരങ്ങളുടെ ലുക്കും ഔട്ട്ഫിറ്റും ഇതിനോടകം വൈറലായിരിക്കുകയാണ്. ഐവറി നിറത്തിലുള്ള ഗൗണിന്റെ കൂടെ കനിയുടെ കയ്യിലുണ്ടായിരുന്നു തണ്ണിമത്തന്റെ ഡിസൈന്‍ ബാഗാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ഡിസൈനാണ് ഈ ബാഗിന് നല്‍കിയിരിക്കുന്നത്. കനി ഈ ബാഗും പിടിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പായല്‍ കപാഡിയയ്‌ക്കൊപ്പം എത്തിയ കനിയും ദിവ്യയും യുവതാരം ഹ്രിദ്ധു ഹാറൂണും ഉള്‍പ്പടെയുള്ളവര്‍ ഡാന്‍സ് കളിച്ചുകൊണ്ടാണ് കാനിന്റെ റെഡ് കാര്‍പ്പറ്റ് കീഴടക്കിയത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കാന്‍ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ സിനിമയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. 1994 ല്‍ ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത ‘സ്വം’ ആണ് ഇതിനു മുന്നേ ഇന്ത്യയില്‍ നിന്ന് കാന്‍ ഫെസ്റ്റിവല്‍ മത്സര വിഭാഗത്തില്‍ യോഗ്യത നേടിയ ചിത്രം. ഗ്രാന്‍ഡ് ലൂമിയര്‍ തിയറ്ററിലായിരുന്നു ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ പ്രിമിയര്‍ സംഘടിപ്പിച്ചത്. സിനിമ കണ്ടതിനു ശേഷം കാണികള്‍ എട്ട് മിനിറ്റോളമാണ് എഴുന്നേറ്റു നിന്ന് കയ്യടിച്ചത്. നിറകണ്ണുകളോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ അംഗീകാരത്തെ നെഞ്ചേറ്റിയത്.