കൊച്ചി: ഒന്നര മണിക്കൂര്‍ നീണ്ട മഴയില്‍ കൊച്ചി വെള്ളത്തില്‍ മുങ്ങിയതിന്റെ ഉത്തരവാദികള്‍ കണ്ണടച്ച് ഇരിക്കുകയാണെന്ന് ബിജെപി നേതാവ് ബാലചന്ദ്രന്‍. കൊച്ചി നഗരത്തില്‍ 2018 ലുണ്ടായ പ്രളയത്തിന് ശേഷം വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി 18 കോടിയലധികം ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ കീഴില്‍ ചെലവാക്കിയിട്ടുണ്ട്. ബ്രേക്ക്ത്രൂ പദ്ധതിയുടെ ഭാഗമായാണ് ഇത് ചെയ്തത്. ഇതിന്റെ ചുമതല ഏല്‍പ്പിച്ചത് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മന്റിലെ ഉദ്യോഗസ്ത്ഥരെ ആയിരുന്നു. വര്‍ഷാവര്‍ഷവും കോടികള്‍ ചെലവഴിച്ച് 60 കോടിയോളം തുകയാണ് മൂന്ന് വര്‍ഷത്തിനിടയില്‍ ഇതിനായിട്ട് ചെലവിട്ടത്. എന്നാല്‍, 60 കോടി തുക ഇതിനായി ചെലവാക്കിയെന്ന് നഗരസഭ പറയുമ്പോഴും യഥാര്‍ത്ഥത്തില്‍ അവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് നഗരസഭ നടത്തിയിട്ടുള്ള ഒരു വലിയ പകല്‍ക്കൊള്ളയാണെന്നും ബാലചന്ദ്രന്‍ തുറന്നടിച്ചു.
കൊച്ചി കോര്‍പ്പറേഷനിലെ തേവര പേരണ്ടൂര്‍ കനാല്‍ (ടിപി കനാല്‍) പുനരുദ്ധാരണം, കമ്മട്ടിപ്പാടം പ്രദേശത്തെ വെള്ളപ്പൊക്ക ലഘൂകരണം, കലുങ്കുകളുടെ പുനര്‍നിര്‍മ്മാണം, ഡ്രെയിനുകള്‍ പുനഃസ്ഥാപിക്കല്‍, ഒ.ബി.ടി കൊച്ചി കോര്‍പ്പറേഷനിലെ സൗത്ത് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ കായല്‍ വരെയുള്ള ഡ്രെയിനേജ് കനാല്‍ നിര്‍മാണം, ഹൈക്കോടതി ജങ്ഷനു സമീപമുള്ള വെള്ളപ്പൊക്കം ലഘൂകരിക്കലും കൊച്ചി കോര്‍പ്പറേഷനില്‍ ബന്ധിപ്പിച്ച ഡ്രെയിനുകളുടെ നവീകരണം എന്നീ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയത്. കോടികണക്കിന് പൈസ ചിലവാക്കിയാണ് പല പ്രവര്‍ത്തനങ്ങളും നടത്തിയത്. എന്നിട്ടും ഒരു മണിക്കൂര്‍ നീണ്ട മഴ പെയ്തപ്പോഴേക്കും കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയത് എങ്ങനെയാണെന്ന് ബാലചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ഇതിനു മുമ്പ് വെള്ളപ്പൊക്കത്തില്‍ വെള്ളം കയറാത്ത പല സ്ഥലങ്ങളിലും ഇത്തവണ വെള്ളം കയറിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ ഇപ്പോഴും കണ്ണടച്ച് ഇരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ രണ്ട് മണിക്കൂര്‍ നീണ്ട മഴയിലുണ്ടായ വെള്ളക്കെട്ടിന് കാരണം വേലിയേറ്റമാണെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്. ആലുവ വരെ ഉള്ള പല ഭാഗങ്ങളിലും കാനയുടെ ഉള്ളില്‍ നിറയെ മാലിന്യമാണ്. ഇത് ക്ലീന്‍ ചെയ്യാതെയാണ് സ്ലാബുകള്‍ ഇട്ട് മൂടുന്നത്. മെട്രോയുടെ പണി കഴിഞ്ഞ മാലിന്യങ്ങളടക്കം ഇതിനുള്ളിലുണ്ട്. ഇതൊന്നും വൃത്തിയാക്കാതെയാണ് കാനകള്‍ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ട് മൂടിയത്. അത് കൊണ്ട് തന്നെ വെള്ളം ഒഴുകി പോകാത്ത അവസ്ഥയാണ്. കലൂര്‍ പ്രദേശം മുഴുവനും വെള്ളത്തിലായിരുന്നു. മെട്രോ സ്‌റ്റേഷന്റെ നിര്‍മ്മാണത്തോടെ ട്രെയിനേജ് സിസ്റ്റം നിന്നു പോയിരിക്കുകയാണ്. അധികാരികള്‍ പറയുന്ന കാര്യത്തില്‍ ഒരു വ്യക്തത കൂടി ഉണ്ടാക്കണം. ഉദ്യോഗസ്ഥന്‍മാരായി ചുമതലയില്‍ ഇരുന്ന പലരും റിട്ടേര്‍ഡ് ചെയ്ത് പോയിട്ട് കോടി കണക്കിന് രൂപ പെന്‍ഷന്‍ വാങ്ങിക്കുന്നവരുണ്ട്. അവരാണ് ഇതിന്റെ ചുമതല വഹിച്ചിരുന്നതെങ്കില്‍ അവരില്‍ നിന്നത് തിരിച്ചു പിടിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ കണ്ടെത്തണമെന്നും ബാലചന്ദ്രന്‍ പറഞ്ഞു.
കൊച്ചിയുടെ പ്രധാന ഭാഗമായ പേരണ്ടൂര്‍ കനാലിലൂടെയും വെള്ളം ഒഴുകുന്നില്ല. എറണാകുളം ജില്ലയുടെ ഭൂമിശാസ്ത്രം അറിയാത്തവരാണ് ഇവിടുത്തെ വെള്ളക്കെട്ടിനെ കുറിച്ച് പഠിച്ച് കാര്യങ്ങള്‍ ചെയ്യുന്നത്. വെറും ഒന്നരമണിക്കൂര്‍ കൊണ്ട് പെയ്ത മഴ കൊച്ചിയെ ഒന്നാകെ നശിപ്പിച്ചിരിക്കുകയാണ്. 2019 ഒക്ടോബറിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ‘ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ’ എന്ന പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരത്തിലെ ഓടകള്‍ നവീകരിച്ചു. ആദ്യഘട്ട പ്രവൃത്തികള്‍ക്കായി 10 കോടി രൂപയാണ് വിനിയോഗിച്ചത്. കായല്‍ മുഖങ്ങളിലെ തടസ്സങ്ങളും നഗരത്തിലെ പ്രധാന കനാലുകളിലെ തടസ്സങ്ങളും മാറ്റുമെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാല്‍ കോടികള്‍ ചെലവാക്കിയിട്ടും മഴ പെയ്താല്‍ കൊച്ചി വെള്ളത്തിലാണ്. കോടിയുടെ അഴിമതിയാണ് വെള്ളക്കെട്ടിന്റെ പേരില്‍ നടന്നിരിക്കുന്നത്. ഉത്തരവാദിത്വപ്പെട്ട കൊച്ചി നഗരസഭയുടെ ഭാഗത്ത് നിന്ന് യാതൊരു വിധ പ്രതിവിധിയും ഉണ്ടാകുമെന്ന് തോന്നുന്നില്ല. പ്രളയ കാലഘട്ടത്തിലാണ് 18 കോടിയുടെ പ്രവൃത്തിവേലകള്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കൊച്ചി നഗരത്തില്‍ നടത്തിയത്. സമാന്തരമായി ഏതാണ്ട് കൊച്ചി നഗരസഭയും ഏതാണ്ട് തതുല്ല്യമായിട്ടുള്ള തുക ആ കാലഘട്ടത്തില്‍ ചെലവാക്കി. അതിന് ശേഷം വര്‍ഷാവര്‍ഷം കൊച്ചി നഗരസഭയും ഡിസാസ്റ്റര്‍ മാനേജ്‌മെന്റും പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ വെള്ളക്കെട്ട് ഒഴിവാക്കാന്‍ തന്നെയാണോ ഇവര്‍ ഈ പൈസ ചെലവാക്കിയത് എന്നതില്‍ സംശയമാണ്. അതോടൊപ്പം തന്നെ ചെലവാക്കിയ തുക ഏത് ഉദ്യോഗസ്ഥന്റെ കീഴിലാണോ നടന്നത് എന്നതും കണ്ടെത്തണം. സാമ്പത്തികമായി നഷ്ടമുണ്ടാക്കിയ ഉദ്യോഗസ്ഥന്‍മാര്‍ ആരായാലും അവരുടെ കയ്യില്‍ നിന്ന് ഈ തുക തിരിച്ചു പിടിക്കണം. വളരെ ഗൗരവമായ രീതിയില്‍ ഈ വിഷയത്തെ പഠിച്ച് കൊച്ചിയെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമെന്നും ബാലചന്ദ്രന്‍ പറഞ്ഞു.