ആലപ്പുഴയില്‍ കുഴിമന്തിക്കട പൊലീസുകാരന് അടിച്ചു തകര്‍ത്തു. വലിയ ചുടുകാടിന് സമീപമുള്ള അഹ്ലന് എന്ന കുഴിമന്തിക്കടയാണ് പൊലീസുകാരന് അടിച്ചു തകര്‍ത്തത്. ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജോസഫ് എന്ന പൊലീസുകാരനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കല്‍ ആയുധം ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വാക്കത്തിയുമായി എത്തിയ ഇയാള്‍ ഹോട്ടലിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ബൈക്ക് ഓടിച്ച് കടക്കുള്ളിലേക്ക് കയറ്റി. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്ന് ഹോട്ടലുകാര്‍ പറയുന്നു. മകന് രണ്ട് ദിവസം മുമ്പ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു എന്നും ഭക്ഷ്യവിഷബാധയുണ്ടായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.