കോഴിക്കോട്: മുന്‍ മന്ത്രിയും ഐഎന്‍എല്ലിന്റെ ഏക എംഎല്‍എയുമായ അഹമ്മദ് ദേവര്‍കോവില്‍ മുസ്ലീം ലീഗിലേക്കെന്ന് സൂചന. ഇത് സംബന്ധിച്ച് പി എം എ സലാമുമായി അഹമ്മദ് ദേവര്‍കോവില്‍ ചര്‍ച്ച നടത്തിയെന്നും കെഎം ഷാജി അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നുവെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ തുടരണമെന്ന ഉപാധി അഹമ്മദ് ദേവര്‍കോവില്‍ മുന്നോട്ട് വെച്ചതായാണ് വിവരം. നേരത്തേ തന്നെ ഐഎന്‍എല്ലിലെ പ്രവര്‍ത്തന രീതിയോട് സിപിഎമ്മിന് അത്ര താത്പര്യമില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ലീഗ് – സമസ്ത വിഷയത്തില്‍ അടുത്ത് അഹമ്മദ് ദേവര്‍കോവില്‍ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കം ലീഗ് ആരംഭിച്ചതെന്നാണ് സൂചന.
അതേസമയം, ലീഗിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളുകയാണ് അഹമ്മദ് ദേവര്‍കോവില്‍. മണ്ണാര്‍കാട് ഐഎന്‍എല്‍ സംഘടിപ്പിച്ച പരിപാടിക്ക് പോകുന്നതിനിടെ പള്ളയില്‍ സമസ്തയുടെ ഒരു മുന്‍ പ്രസിഡന്റിന്റെ ഖബര്സ്ഥാന് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ വാര്‍ത്ത വന്നതെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ലീഗ് കേന്ദ്രങ്ങളില്‍ നിന്നാണ് പ്രചാരണം ഉണ്ടായതെന്നും ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട ചിലരുമാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്നും അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. താനും മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും ഐഎന്‍എല്ലും താനും ഇടത് മുന്നണിക്കൊപ്പം ഉറച്ച് നില്‍ക്കുമെന്നും മുന്നണിമാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പ്രചരിക്കുന്ന വാര്‍ത്തകള്‍ എല്ലാം അടിസ്ഥാനരഹിതമാണ്. ലീഗ്-സമസ്ത വിഷയത്തില്‍ തന്റെ അഭിപ്രായം തെറ്റിദ്ധരിച്ചതാകാമെന്നുമാണ് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞത്.