Newsperseconds.com

ഫലം വരുന്നതിന് മുമ്പ് സത്യപ്രതിജ്ഞയ്ക്ക് തീയ്യതി കുറിച്ചു; വിപുലമായ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ബിജെപി

Capture

ഡല്‍ഹി: ലോക്‌സഭാ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ബിജെപി. തുടര്‍ച്ചയായി മൂന്നാം തവണയും വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ഭാരതീയ ജനതാ പാര്‍ട്ടി ആഘോഷങ്ങള്‍ക്കെല്ലാം ആക്കം കൂട്ടുന്നത്. പുതിയ സര്‍ക്കാര്‍ വന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനില്‍ തന്നെയെന്നാണ് സംശയം. ഇതിനായി രാഷ്ട്രപതി ഭവന്‍ അലങ്കാര പുഷ്പങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു. മെയ് 28 ന് ക്ഷണിച്ച ടെണ്ടര്‍ ഇന്ന് തുറന്ന് പരിശോധിക്കും. ഓര്‍ഡര്‍ നല്‍കിയ പുഷ്പങ്ങള്‍ അഞ്ച് ദിവസത്തിനകം നല്‍കണമെന്നതാണ് ആവശ്യം. 21.97 ലക്ഷത്തോളം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രപതി ഭവന് പുറത്ത് നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും ഡല്‍ഹിയിലെ ചൂട് കണക്കിലെടുത്ത് രാഷ്ട്രപതി ഭവനില്‍ വെച്ച് തന്നെ ചടങ്ങ് നടത്തും.

ജൂണ്‍ ഒമ്പതിന് സത്യപ്രതിജ്ഞ നടത്താനാണ് സാധ്യത. എക്‌സിറ്റ് പോള്‍ ഫലം കൂടി വന്നതോടെ വിജയപ്രതീക്ഷയില്‍ ബിജെപിക്ക് സംശയമില്ല. സത്യപ്രതിജ്ഞാ ദിവസം തന്നെ വിദേശ രാജ്യങ്ങളിലെ നേതാക്കളുള്‍പ്പെടെ 10,000 ഓളം പേരെ പങ്കെടുപ്പിച്ച് ആഘോഷം നടത്താനാണ് ആലോചന. രാജ്യത്ത് മോദി തരംഗം ആഞ്ഞടിക്കുമെന്നാണ് എന്‍ഡിഎയുടെ വിശ്വാസം. വിപുലമായ ആഘോഷപരിപാടികള്‍ക്കാണ് എന്‍ഡിഎ പദ്ധതിയിടുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായതോടെ മൂന്നാമതും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി. ഇന്ത്യയുടെ സംസ്‌കാരവുമായി ചേര്‍ന്ന് നില്‍ക്കുന്ന ചടങ്ങാണ് ബിജെപി ആലോചിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിക്കുന്നതായിരുന്നു പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ് എക്സിറ്റ് പോള്‍ ഫല പ്രകാരം 400 സീറ്റ് അവകാശപ്പെടുന്ന എന്‍ഡിഎക്ക് 358 സീറ്റില്‍ വരെ വിജയം ലഭിക്കും. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യാ മുന്നണിക്ക് 148 സീറ്റും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. മറ്റു കക്ഷികള്‍ 37 സീറ്റില്‍ വരെ വിജയിക്കുമെന്നാണ് പോള്‍ ഓഫ് പോള്‍സ് പ്രവചനം. രാജ്യമൊന്നടങ്കം കാത്തിരിക്കുന്ന ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ശനിയാഴ്ച അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ രാജ്യം കാത്തിരിക്കുന്ന ഫലത്തിന്റെ ആദ്യ സൂചനകളുമായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. 350ലേറെ സീറ്റുകളുമായി എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്നാണ് കൂടുതല്‍ എക്‌സിറ്റ് പോളുകളും ഫലം പ്രവചിച്ചത്. തെക്കേ ഇന്ത്യയില്‍ ബിജെപി സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും വിവിധ സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രവചിച്ചിരുന്നു.

Share this Article

Leave a Comment