Newsperseconds.com

രാജ്യം ആര് ഭരിക്കും? ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; സഖ്യകക്ഷികളുടെ പിന്തുണ പ്രതീക്ഷിച്ച് എന്‍ഡിഎ; കേന്ദ്രഭരണം പിടിക്കാന്‍ എല്ലാ സാധ്യതയും തേടി ഇന്ത്യ മുന്നണിയും

Poll6

ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യസഖ്യം മുന്നേറിയത്. ഇതോട് കൂടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭരിക്കാമെന്ന ബിജെപിയുടേയും മോദിയുടേയും വ്യാമോഹത്തിന് തിരിച്ചടിയായി. രാജ്യത്ത് ഇനി ബിജെപി മാത്രം നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്ന സ്ഥിതിയില്‍ നിന്നും യഥാര്‍ത്ഥ മുന്നണി ഭരണത്തിലേക്ക് എന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ച വെക്കാനാവാതായതോടെ മുന്നണിയിലെ പാര്‍ട്ടികളെ ചേര്‍ത്തു നിര്‍ത്താനും പുറത്തുള്ള കക്ഷികളുടെ പിന്തുണ തേടാനും ബിജെപി ശ്രമം തുടങ്ങിക്കഴിഞ്ഞു. കേന്ദ്രഭരണം പിടിക്കാന്‍ എല്ലാ സാധ്യതയും ഇന്ത്യ മുന്നണി തേടുന്നുണ്ട്. കേന്ദ്ര മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി നിര്‍ണായക എന്‍ഡിഎ യോഗം ഇന്ന് നടക്കും. തനിച്ച് ഭൂരിപക്ഷം ഇല്ലെങ്കിലും ടിഡിപി, ജെഡിയു പാര്‍ട്ടികള്‍ മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴും അങ്ങനെ ഒരു ചോദ്യമേ ഉയരുന്നില്ലെന്നാണ് ബിജെപിയുടെ മറുപടി. രാവിലെ 11.30 ന് കേന്ദ്ര മന്ത്രിസഭ യോഗം ചേരും. നിലവിലെ മന്ത്രിസഭ പിരിച്ച് വിടാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടും. അതേസമയം മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് രാഷ്ട്രപതി ഭവനില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ കോണ്‍ഗ്രസും തള്ളിയിട്ടില്ല. എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ഉണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടരാനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ നീക്കം. ഇന്ന് നടക്കുന്ന സഖ്യ യോഗത്തില്‍ തീരുമാനം ഉണ്ടാകും എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഒരു അവസരം കൂടി മോദിക്ക് നല്‍കിയാല്‍ ജനാധിപത്യം തകര്‍ക്കും എന്ന് ജനങ്ങള്‍ക്ക് മനസിലായി എന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു.

Share this Article

Leave a Comment