തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്കുണ്ടായ തിളക്കമാര്‍ന്ന വിജയത്തിന്റെ പൂര്‍ണ്ണ ക്രെഡിറ്റും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നല്കി പാര്‍ട്ടി നേതൃത്വം. കേരളത്തില്‍ ബിജെപിക്ക് വോട്ട്ശതമാനം കൂടിയതും തൃശ്ശൂരില്‍ അക്കൗണ്ട് തുറന്നതുമെല്ലാം കെ. സുരേന്ദ്രന് എന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ടെന്നാണ് ഫേസ്ബുക്ക് പേജിലെ കുറിപ്പ്. കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനമാണ് ഇത്തവണ ബിജെപി കേരളത്തില്‍ കാഴ്ച വെച്ചത്.
നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയം കേരളത്തിലുമെത്തിക്കാന്‍ വേണ്ടി ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് അഹോരാത്രം പ്രയത്നിച്ചത്. പ്രചരണത്തില്‍ ഇടതു- വലത് മുന്നണികളേക്കാള്‍ ഒരുപടി മുമ്പിലെത്താന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് സാധിച്ചത് പ്രതിഫലേച്ഛയില്ലാതെ സര്‍വ്വം സമര്‍പ്പിച്ച് പോരാടിയ പ്രവര്‍ത്തകരുള്ളതുകൊണ്ട് മാത്രമാണ്. ഇതിന് നേതൃത്വം കൊടുത്ത എന്‍ഡിഎയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ്. പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടില്‍വരെ നീളുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. കേരളത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് -കമ്മ്യൂണിസ്റ്റ് സഖ്യം നടത്തിയ നിരന്തര ശ്രമങ്ങളില്‍ തന്റെ പാര്‍ട്ടി കാര്യകര്‍ത്താക്കള്‍ തളരാതിരിക്കുവാന്‍ അവരെ മുന്നില്‍ നിന്നു നയിച്ചു. ഏവര്‍ക്കും പ്രചോദനവും വിജയപ്രതീക്ഷയും നല്കിയതും കെ. സുരേന്ദ്രനെന്ന് നേതാവാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരുവര്‍ഷം മുമ്പേ ഒരുങ്ങാന്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് സാധിച്ചു. നല്ല തയ്യാറെടുപ്പുകളോടെ മത്സരരംഗത്തിറങ്ങിയത് കൊണ്ട് അവസാന ലാപ്പിലെ എല്‍ഡിഎഫ്- യുഡിഎഫ് കുതന്ത്രങ്ങളെ മറികടന്ന് മുന്നേറാനും എന്‍ഡിഎക്ക് സാധിച്ചു. കെ സുരേന്ദ്രന്റെ അടുക്കും ചിട്ടയുമായുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് എന്‍ഡിഎക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച അദ്ദേഹത്തിന്റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നും പോസ്റ്റില്‍ പറയുന്നു. ഇതോടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ സുരേന്ദ്രന്റെ സ്ഥാനത്തിന് അടുത്തൊന്നും ഇളക്കം തട്ടില്ലെന്ന സൂചനയാണ്.