പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കേരളത്തിലുണ്ടായ പരാജയത്തില്‍ വിമര്‍ശനം നടത്തിയ യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന് ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി. കടുത്ത വിമര്‍ശനമായിരുന്നു സര്‍ക്കാറിനെതിരെ ഗീവര്‍ഗീസ് ഉന്നയിച്ചത്. പ്രളയവും മഹാമാരിയും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ലെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പ്രളയം വീണ്ടും വരണമെന്ന് പറയുന്ന ചില വിവരദോഷികള്‍ പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു.
‘പ്രളയമാണ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. ഇനി ഒരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടെന്നാണ് ഒരു പുരോഹിതന് പറഞ്ഞത്. പുരോഹിതന്മാരുടെ ഇടയിലും ചില വിവരദോഷികള്‍ ഉണ്ടാവുമെന്നാണ് വാചകത്തിലൂടെ വ്യക്തമാവുന്നത്. നമ്മളാരും പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. ദുരന്തം ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നാട് ഒറ്റക്കെട്ടായി നിന്നു. അത് കേരളത്തിന് മാത്രം കഴിയുന്നതാണ്, ഈ നാട് ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത നാടാണ്.’ മുഖ്യമന്ത്രി പറഞ്ഞു.
കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം തവണ ജനം വീഴില്ലെന്നും പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ലെന്നും ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ വിമര്‍ശനം. പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ല. ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും ഗീവര്‍ഗീസ് വിമര്‍ശിച്ചിരുന്നു.